ഗസ്റ്റ് വിന്റ്‌ ചുഴലിക്കാറ്റല്ല

കോഴിക്കോട് >> ആലുവയ്ക്കടുത്ത് എടത്തലയില്‍ ശക്തമായി നാശംവിതച്ച കാറ്റ് ചുഴലിയല്ല, ഗസ്റ്റ് വിൻ്റ് രൂപപ്പെട്ടതാണന്ന് പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ മെറ്റ് ബീറ്റ് കേന്ദ്രം.

ചുഴലിക്കാറ്റുകള്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സാധാരണ കടലില്‍ രൂപപ്പെടുന്നവയാണ്. കിലോമീറ്ററുകളോം ഭാഗത്തെ വായു സമ്മര്‍ദവുമായി ബന്ധപ്പെട്ടാണ് ഇവയുണ്ടാകുന്നത്. ഓരോ ചുഴലിക്കാറ്റിനും ഒരു പേരും ഉണ്ടായിരിക്കും. ഒരോ മേഖലയിലെ രാജ്യങ്ങളാണ് അതിനു പേരിടുക. ന്യൂനമര്‍ദം നാലു മടങ്ങ് ശക്തിപ്പെടുമ്പോഴാണ് ചുഴലിക്കാറ്റായി മാറുക.

സാധാരണ വേനല്‍മഴയിലും മറ്റും ചിലയിടങ്ങളില്‍ കൃഷി നാശമുണ്ടാക്കുന്ന കാറ്റാണ് ഈ കാറ്റും. ചുഴറ്റിയടിക്കുന്നുവെന്നേയുള്ളൂ. കാറ്റിന്റെ വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ഇത്തരം കാറ്റുകള്‍. അതിനാല്‍ തന്നെ ഗസ്റ്റ് വിന്റ് എന്നാണ് പറയുന്നത്. പെട്ടെന്നുള്ള ശക്തമായ കാറ്റ് എന്നു മലയാളത്തില്‍ വിളിക്കും. കാറ്റിന്റെ വേഗത പെട്ടെന്ന് 16 നോട്ടിക്കല്‍ മൈല്‍ കവിഞ്ഞാലും വേഗത വ്യതിയാനം 9 നോട്ടിക്കല്‍ മൈല്‍ ഉണ്ടെങ്കിലും ഗസ്റ്റ് വിന്റ് എന്നു വിളിക്കും. രണ്ടു മിനിട്ടില്‍ ഇങ്ങനെ വേഗത കൂടിയും കുറഞ്ഞും ഇരിക്കും. സാധാരണ വേഗം കൂടിയ കാറ്റിന്റെ വേഗത രണ്ടു മിനിട്ടെങ്കിലും ഏതാണ്ട് ഒരേ വേഗതയില്‍ തുടരും. ഗസ്റ്റ് വിന്റുകള്‍ പലപ്പോഴും 20 സെക്കന്റേ നീണ്ടു നില്‍ക്കാറുള്ളൂ.

50-60 മൈലുകള്‍ മണിക്കൂറില്‍ വേഗതയാര്‍ജിക്കുമ്പോഴാണ് ഇവ നാശം വിതയ്ക്കുന്നത്. ചുഴലിക്കാറ്റ് സീസണ്‍, ശക്തമായ മണ്‍സൂണ്‍ കാറ്റുള്ളപ്പോള്‍, വേനല്‍മഴ എന്നിങ്ങനെയുള്ളപ്പോള്‍ ഇതുണ്ടാകാറുണ്ട്. ചരിത്രത്തില്‍ ഏറ്റവും ശക്തമായ ഗസ്റ്റ് വിന്റിന്റെ വേഗം 253 മൈല്‍ വേഗതയാണ്. 1996 ഏപ്രിലില്‍ ആസ്‌ത്രേലിയന്‍ ദ്വീപില്‍ ഒലിവിയ ചുഴലിക്കാറ്റിനൊപ്പമാണ് ഇതുണ്ടായത്.

കാറ്റിന്റെ ഖണ്ഡരേഖ വ്യതിയാനം, സോളാര്‍ റേഡിയേഷന്‍ ഭൂമിയില്‍ കൂടുതലായി പതിക്കുമ്പോഴൊക്കെയാണ് ഇത്തരം കാറ്റ് സാധാരണയായി ഉണ്ടാകുന്നത്. നിലവില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള മേഖലകളില്‍ എവിടെയും ഇത്തരം കാറ്റ് വീശാനുള്ള അന്തരീക്ഷ സാഹചര്യമുണ്ട്. അതിനാലാണ് കഴിഞ്ഞ ദിവസങ്ങളിലെ മുന്നറിയിപ്പിൽ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണം എന്നും പറയുന്നത്. പലപ്പോഴും അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതും മഴ മാത്രം പരിഗണിച്ചല്ല. അപകടകരമല്ലാത്ത അന്തരീക്ഷസ്ഥിതി, പശ്ചാത്തലം എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ്. നമുക്കു ചുറ്റം അപകട സാധ്യതയുണ്ടോ എന്നാണ് അലര്‍ട്ടില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കനത്ത മഴ പെയ്യും എന്നു മാത്രമല്ല. ഇത്തരം അപകടങ്ങൾക്ക് മുന്നറിയിപ്പായാണ് കാലാവസ്ഥാ നിരീക്ഷകരും സ്ഥാപനങ്ങളും ഇത്തരം കാര്യങ്ങള്‍ നേരത്തെ സൂചിപ്പിക്കുന്നത് എന്ന് മെറ്റ് ബീറ്റ് കേന്ദ്രം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു