കോവിഡ് വ്യാപനം: ജാഗ്രത കടുപ്പിക്കണം; ജില്ലാ കളക്ടർ

വ്യാപനം കൂടിയാൽ
ഹോം ഐസൊലേഷൻ

കോഴിക്കോട് >> ജില്ലയിൽ കോവിഡ് 19 രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത കടുപ്പിക്കണമെന്ന് കലക്ടർ സാംബശിവ റാവു. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിനു ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. രോഗികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. രോഗവ്യാപനം തടയുന്നതിനുള്ള കർശന പ്രതിരോധ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ആളുകൾ രോഗ പകർച്ചക്ക് ഇടയാക്കും വിധം ഒത്തുകൂടുന്നത് തടയണം. കച്ചവട സ്ഥാപനങ്ങൾ സന്ദർശക റജിസ്ട്രേഷനു വേണ്ടി കോവിഡ് ജാഗ്രത ക്യു ആർ കോഡ് പ്രദർശിപ്പിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലയിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ പൂർണ്ണ സജ്ജമാണ്. മലബാർ മെഡിക്കൽ കോളേജ്, കെ എം സി ടി എന്നിവിടങ്ങളിൽ കൂടി കോവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട് . രോഗികളുടെ എണ്ണം കൂടിയാൽ ഹോം ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആർ.ആർ.ടികൾ വഴി ജാഗ്രത പോർട്ടലിലൂടെ ആളുകൾക്ക് ഹോം ഐസൊലേഷൻ നിർദ്ദേശിക്കാം.
ആളുകളുടെ താൽപര്യം പരിഗണിച്ച് മാത്രമേ ഹോം ഐസൊലേഷൻ നൽകുകയുള്ളൂ. 50 വയസിന് മുകളിലുള്ളവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും ഹോം ഐസൊലേഷൻ നൽകരുത്. ഇവരെ നിർബന്ധമായും എഫ് എൽ ടി സികളിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റണം.
വീടുകളിലെ സൗകര്യങ്ങൾ വാർഡ് ആർ ആർ ടി കൾ, ജനപ്രതിനിധി, മെഡിക്കൽ ഓഫീസർ എന്നിവർ ഉറപ്പുവരുത്തണം. മുറി, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ പ്രധാനമാണ്.
രോഗലക്ഷണങ്ങളുള്ളവർക്ക് ഹോം ഐസൊലേഷൻ നൽകരുതെന്നും കലക്ടർ നിർദ്ദേശിച്ചു.

ഹോം ഐസൊലേഷൻ ഏർപ്പെടുത്തുമ്പോൾ ആ വീട്ടിൽ കഴിയുന്ന മറ്റംഗങ്ങളുടെ സൗകര്യം കൂടി പരിഗണിക്കണം. രോഗിയും രോഗമില്ലാത്തവരും തമ്മിൽ സമ്പർക്കം പാടില്ല. കൂടുതൽ ശ്രദ്ധനൽകേണ്ട ആളുകൾ, വയോജനങ്ങൾ, കുഞ്ഞുങ്ങൾ, മറ്റു രോഗങ്ങളുള്ളവർ എന്നിവരെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കണം. 40 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആളുകളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നതെങ്കിൽ നിർബന്ധമായും പൾസ്‌ ഓക്സിമീറ്റർ സൗകര്യം ഉണ്ടാകണമെന്നും കലക്ടർ നിർദേശിച്ചു. കുടുംബാഗങ്ങൾക്കും ടെസ്റ്റ് നടത്തണം.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് രോഗലക്ഷണങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാം. കോവിഡ്19 ജാഗ്രത പോർട്ടൽ വഴി സ്വയം രജിസ്ട്രേഷൻ നടത്തി പാസ്സ്‌വേർഡ്‌ സജ്ജമാക്കി ലോഗിൻ ചെയ്ത് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാം. ഓൺലൈൻ ക്വാറന്റിൻ റിലീസ് സർട്ടിഫിക്കറ്റ്, ഓൺലൈൻ പ്രിസ്ക്രിപ്ഷൻ, റഫറൽ സേവനങ്ങൾ മുതലായവ ഇതുവഴി ലഭിക്കും. കോവിഡ് പോസിറ്റീവ് ആയി ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും രോഗലക്ഷണങ്ങൾ ഇതിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ജില്ലയിൽ ദിവസേന അയ്യായിരത്തിനു മുകളിൽ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ജില്ലയാണ് കോഴിക്കോട്. രോഗമുളളവരെ കണ്ടെത്തി ചികിത്സ നൽകുകയും രോഗവ്യാപനം തടയുകയുമാണ് ലക്ഷ്യം.
കോവിഡിനെതിരായ പോരാട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. ഓരോ ജീവനും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കലക്ടർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു