കോഴിക്കോട് കനത്ത മഴയിൽ നാശനഷ്ടം, തിങ്കളാഴ്ച ഓറഞ്ച് അലേർട്ട്

കോഴിക്കോട് >> കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. വിവിധയിടങ്ങളിൽ നാശനഷ്ടവുമുണ്ടായി. തിങ്കളാഴ്ച ഓറഞ്ച് അലേർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ മഴയിൽ ഒഞ്ചിയം പ്രദേശത്തെ കാരക്കാട് പറമ്പിൽ രാധയുടെ വീടിന് മുകളിൽ മാവ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. ഇതേ തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായത്തോടെ മാവ് മുറിച്ചുമാറ്റി .ഇരിങ്ങണ്ണൂരിൽ പാവൂർ കല്യാണിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി . ചെങ്ങോട്ടുകാവ് വില്ലേജിലെ എടക്കുളത്ത് പൊയിൽക്കാവ് ബീച്ച് റോഡിൽ തെക്കേ ബംഗ്ലാവിൽ കുഞ്ഞിരാമൻ്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു .
ചേവായൂർ വില്ലേജിൽ ബി.എസ് .എൻ .എൽ ക്വാർട്ടേഴ്സിനടുത്ത് കനത്ത മഴയിൽ ഗർത്തം ഉണ്ടാവുകയും അതിനടുത്തുള്ള താമസക്കാരെ തൽക്കാലം ബിഎസ്എൻഎൽ കമ്മ്യൂണിറ്റി ഹാളിലേക്ക് അധികൃതർ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

നടുവണ്ണൂർ വില്ലേജിൽ ഹോട്ടൽ ഉൾപ്പെടുന്ന രണ്ട് മുറി പീടിക കെട്ടിടം തകർന്നു. രണ്ട് പേർക്ക് നിസ്സാര പരിക്കുണ്ട്. ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി തഹസിൽദാർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0496-2620235.
വളയനാട് വില്ലേജിൽ ഉണ്ണികൃഷ്ണൻ്റെ വീടിനു സമീപം മണ്ണ് താഴ്ന്ന് വീട് തകർന്നു. വീട്ടുകാരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

ഒളവണ്ണ താഴത്തുംപാടം തട്ടാരക്കണ്ടി വേലായുധൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വീടിന് വിള്ളൽ വീണു. പുതിയങ്ങാടി പാറക്കാട്ടിൽ മണിയുടെ വീട്ടിൽ മരം വീണ് ഒരു ഭാഗം തകർന്നു. രോഗബാധിതനായ മണിയെ മാറ്റി താമസിപ്പിച്ചു.

നന്മണ്ട വില്ലേജിൽ കുഴിക്കാട്ട് മീത്തൽ രാധയുടെ വീട് പൂർണ്ണമായും തകർന്നു. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നഗരം വില്ലേജ് ഫ്രാൻസിസ് റോഡ് ചെമ്മങ്ങടിൽ കൽമാബിയുടെ വീടിന് മുകളിൽ തെങ്ങ് വീണു ഭാഗികമായി തകർന്നു, ആളപായമില്ല.
ബേപ്പൂർ വില്ലേജ് -നടുവട്ടം ദേശത്തു തമ്പുരാൻ തോടിനടുത്ത് ഷിജി മോഹൻദാസ് എന്നവരുടെയും മറ്റ് വീടുകളിലും ശക്തമായ മഴയിൽ വെള്ളം കയറി.
കൺട്രോൾ റൂം നമ്പർ 0495 2372966

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു