കൊവിഡ് : വീടുകളിൽ പൾസ് ഓക്‌സി മീറ്റർ പരിശോധന

വാർഡുകൾ തോറും
വയോജനങ്ങളുടെ സുരക്ഷക്ക്
മുൻഗണന

കോഴിക്കോട് >> കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള തീവ്ര ശ്രമങ്ങൾക്കൊപ്പം പ്രായമായവരുടേയും മറ്റ് രോഗങ്ങളുള്ളവരുടേയും ആരോഗ്യ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു.

കോവിഡിൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ജില്ലാ ഭരണകൂടം. കോവിഡ് കൂടുതൽ അപകടകരമായി ബാധിക്കുന്ന വയോജനങ്ങൾ, മറ്റുരോഗങ്ങൾ ഉള്ളവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പൾസ് ഓക്സി മീറ്റർ വാങ്ങും. ശരീരത്തിലെ ഓക്‌സിജന്റെ അളവ്, നാഡീസ്പന്ദന തോത് എന്നിവ നിമിഷ നേരംകൊണ്ട് അറിയാനുള്ള ഉപകരണമാണ് പൾസ് ഓക്‌സിമീറ്ററുകൾ. വാർഡ് തലത്തിൽ ഓരോ പൾസ് ഓക്‌സിമീറ്ററുകളാണ് വാങ്ങുന്നത്. വാർഡ് ദ്രുതകർമ്മസേനാംഗങ്ങൾ വീടുകളിലെത്തി വയോധികരിലെ ശരീരത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയസ്പന്ദനം എന്നിവ പരിശോധിക്കും.
ക്ലിപ്പു പോലെ വിരലുകളിൽ ഘടിപ്പിച്ചാണ് പൾസ് ഓക്‌സി മീറ്ററിന്റെ പ്രവർത്തനം. വിരൽ ക്ലിപ്പിനകത്ത് വച്ച് ചലിപ്പിക്കാതെ ആറു മുതൽ പത്തു സെക്കന്റ് വരെ കാത്തിരിക്കണം. മീറ്ററിനു പുറത്തുള്ള പ്രതലത്തിൽ ഓക്‌സിജൻ അളവും ഹൃദയസ്പന്ദന തോതും പ്രദർശിപ്പിക്കും.
സാധാരണ അളവിൽ നിന്നും വ്യത്യാസം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് വൈദ്യസഹായം നൽകും. കോവിഡ് പോസിറ്റീവായി ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ നിരീക്ഷണകാലഘട്ടം പൂർത്തിയാക്കുന്നതിൽ ഉപകാരപ്രദമായ ഉപകരണമാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു