കൊച്ചി മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കും

കൊച്ചി >> കൊച്ചി മെട്രോ സർവ്വീസുകൾ ഇന്ന് തുടങ്ങും. ഒപ്പം പുതിയ പാത തുറക്കും. ഒന്നാം ഘട്ടം ആലുവ മുതൽ പേട്ട വരെയായി 22 സ്റ്റേഷനുകൾ. 25.16 കിലോമീറ്റർ ദൂരം. ആദ്യ രണ്ടുദിനം സർവീസ്‌ രാവിലെ ഏഴു മുതൽ ഒന്നുവരെ, രണ്ടുമുതൽ രാത്രി എട്ടുവരെ.

സർവീസ് നടത്തുന്നത് പത്ത് ട്രെയിനുകൾ.
ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പാത കേരളത്തിന് തുറന്നുനൽകും. കോവിഡ് ഭീതിയിൽ ചടങ്ങുകളെല്ലാം വീഡിയോ കോൺഫറൻസിലൂടെയാണ്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഓൺലൈനിലൂടെ ചടങ്ങിൽ അധ്യക്ഷനായെത്തും.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് യാത്ര പുനരാരംഭിക്കുന്നത്. ആലുവയിൽനിന്നുള്ള യാത്ര 25.16 കിലോമീറ്ററുകൾക്കിപ്പുറത്ത് പേട്ടയിൽ വന്നുചേരുന്നു. പേട്ടയ്ക്കപ്പുറത്തേക്ക് എസ്.എൻ. ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിന്റെ നിർമാണ ഉദ്ഘാടനവും തിങ്കളാഴ്ചയുണ്ടാകും. ഇത് പൂർത്തിയാകുന്നതോടെ ഒന്നാം ഘട്ടത്തിന് അനുബന്ധമായുള്ള മെട്രോ വികസനം പൂർത്തിയാകും. കെ.ഇ.സി. ഇന്റർനാഷണലും വിജയ് നിർമാൺ കമ്പനിയും ചേർന്ന കൺസോർഷ്യത്തിനാണ് ഇവിടെ നിർമാണക്കരാർ. ഒരു സ്റ്റേഷൻ മാത്രം വരുന്നതാണ് ഈ പാത.

ഇ. ശ്രീധരന്റെ തണലിലായിരുന്നു മെട്രോ ഇതുവരെ. മുന്നോട്ടുള്ള യാത്രയിൽ നിർമാണ മേൽനോട്ടത്തിനുള്ളത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനല്ല, കേരളത്തിന്റെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ്.

പേട്ട സ്റ്റേഷനിലാണ് ചടങ്ങുകൾ. ആദ്യഘട്ടം പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം.
തൈക്കൂടം-പേട്ട പാത തുറന്നുകൊടുക്കും. എസ്.എൻ. ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള നിർമാണോദ്ഘാടനം. മന്ത്രി എ.കെ. ശശീന്ദ്രൻ, കൊച്ചി മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ പി.ടി. തോമസ്, എം. സ്വരാജ് എന്നിവർ പങ്കെടുക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു