കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി

ഡൽഹി >> കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് സഭ പാസാക്കിയത്.

അതേസമയം, സഭയിലെ നാടകീയ രംഗങ്ങൾക്ക് ഇടയിലാണ് ബില്ല് പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചത്. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടുത്തളത്തിൽ ധർണ നടത്തി.
കർഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോൺഗ്രസ് ആരോപിച്ചു. എൻഡിഎ സഖ്യ കക്ഷിയായ അകാലിദൾ, രാജ്യസഭയിൽ സർക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദൾ എന്നിവരടക്കം ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കർഷക ബില്ലിനെ തുടർന്ന് അകാലിദൾ മന്ത്രിയെ പിൻവലിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു