കോഴിക്കോട് >> ഒക്ടോബര്‍ രണ്ടാം വാരത്തോടെ മാത്രമെ കേരളത്തില്‍ നിന്നും മണ്‍സൂണ്‍ വിടവാങ്ങു. മണ്‍സൂണ്‍ വിടവാങ്ങല്‍ തുടങ്ങിയില്ല
ഇന്നു മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആദ്യഘട്ട വിടവാങ്ങല്‍ രാജസ്ഥാനില്‍ നിന്ന് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മണ്‍സൂണ്‍ വിടവാങ്ങല്‍ സൂചന ഇപ്പോഴും ഇല്ലന്ന് പ്രമുഖ സ്വകാര്യ കാലാവസ്ഥ കേന്ദ്രമായ മെറ്റ് ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലൂടെയാണ് ഇപ്പോള്‍ മണ്‍സൂണ്‍ മഴ പാത്തി കടന്നുപോകുന്നത്. ഉത്തര്‍പ്രദേശ് മേഖലയിലെ ന്യൂനമര്‍ദമാണ് മണ്‍സൂണ്‍ വിടവാങ്ങലിന് തടസ്സമാകുന്നത്. രാജസ്ഥാനില്‍ മറ്റൊരു ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ഈ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട സാധാരണ മഴ സാധ്യത നിലനില്ക്കുന്നു. പാലക്കാട് മുതല്‍ തെക്കോട്ടുള്ള ജില്ലകളിലെ മലയോരത്തും സാധാരണ മഴ സാധ്യത. വൈകുന്നേരമോ രാത്രിയോ ആയിരിക്കും മഴ ലഭിക്കുക. വെള്ളിയാഴ്ച പകല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും വെയില് തെളിയും.
ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരങ്ങളില്‍ ഇടിയോടുകൂടെ മഴ സാധ്യത ഉണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോരത്താണ് മഴ സാധ്യത. ഞായറാഴ്ചയും ഇതേ അന്തരീക്ഷസ്ഥിതി പ്രതീക്ഷിക്കുന്നു.