കാസർക്കോട് >>അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണരംഗത്തും രാജ്യത്തിന് മാതൃകയായ സംസ്ഥാനം ഇ ഗവേണന്‍സ് രംഗത്ത് പുതിയകാല്വെപ്പാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പൂര്‍ത്തിയായ സോഫ്റ്റ്വെയര് ആദ്യ ഘട്ടത്തില്‍ 150 ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഐഎല്‍ജിഎംഎസ് പദ്ധതി. പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ സാധ്യമാകുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഈ വെബ് അധിഷ്ടിത സംവിധാനം സഹായിക്കും. ഓപ്പണ്‍ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമായതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീ ഇനത്തില്‍ വരുന്ന വലിയ തുക ഒഴിവായിക്കിട്ടും. കൂടാതെ വിവരങ്ങളും സുരക്ഷിതമായിരിക്കും. 1957ലെ അധികാര വികേന്ദ്രീകരണത്തിനായുള്ള സമഗ്രനിയമം മുതല്‍ ജനകീയാസൂത്രണം വരെയും രാജ്യത്തിന് മാതൃകയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ജനസൗഹൃദമാക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. ഫ്രണ്ട് ഓഫീസെന്ന ആശയം പഞ്ചായത്തുകളിലെ സേവനങ്ങളില്‍ വലിയമാറ്റമാണുണ്ടാക്കിയത്. പിന്നീട് പലഘട്ടങ്ങളിലൂടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് പഞ്ചായത്തുകളെ ഇ-നെറ്റ്വര്‍ക്കുകളുടെ ഭാഗമാക്കുന്നതിലേക്കെത്തി. ഇത് കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് പുതിയ സംവിധാനമൊരുക്കുന്നത്.
കോവിഡിനെതിരേ മഹാപ്രതിരോധം തീര്‍ക്കുന്ന ഘട്ടത്തിലും ജനകീയാസൂത്രണ പ്രക്രയി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.