‘എനിവേർ രജിസ്ട്രേഷൻ’ നടപ്പിലാക്കും -മന്ത്രി എ.കെ.ശശീന്ദ്രൻ

ചേളന്നൂർ സബ് രജിസ്ട്രാർ
ഓഫീസ് പുതിയ കെട്ടിടം തുറന്നു

കോഴിക്കോട് >> പൊതുജനങ്ങൾക്ക് ഏറെ സഹായകമാകുന്ന ‘എനിവേർ രജിസ്ട്രേഷൻ’ ഏതാനും മാസങ്ങൾക്കകം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജില്ലയിൽ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണിത്. കാലതാമസവും അഴിമതിയുമില്ലാതെ മെച്ചപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാൻ ഇതുവഴി സാധിക്കും.

ചേളന്നൂർ സബ്‌രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. എനിവേർ രജിസ്ട്രേഷൻ നടപ്പിലായാൽ രജിസ്ട്രാഫീസിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറയുകയും ഉദ്യോഗസ്ഥർക്ക് അത് സൗകര്യപ്രദമാവുകയും ചെയ്യും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഭൂമിയുടെ ഫെയർ വാല്യൂ വർദ്ധനവ് 2020 ഏപ്രിൽ ഒന്നിന് പകരം മെയ് 13 മുതലാണ് നടപ്പിലാക്കിയത്. അണ്ടർ വാല്യുവേഷൻ, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവ സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ചിട്ടികൾക്കും ഈ മേഖലയിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. രജിസ്ട്രാഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആധാരമെഴുത്തുകാർ, സ്റ്റാമ്പ് വെണ്ടർമാർ എന്നിവർക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ ഇരട്ടിയായി വർദ്ധിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഉത്സവബത്തയായി ഈ പ്രാവശ്യം 2,000 രൂപ വർധിപ്പിച്ചു നൽകിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ 5,528 ക്ഷേമനിധി അംഗങ്ങൾക്ക് 3,000 രൂപ പ്രകാരം ഒരു കോടി രൂപ ധനസഹായം നൽകിയെന്നും മന്ത്രി പറഞ്ഞു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശോഭന അധ്യക്ഷത വഹിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.2 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 154 വർഷത്തെ ചരിത്രമാണ് ചേളന്നൂർ സബ്‌രജിസ്ട്രാർ ഓഫീസിനുള്ളത്. 1913ൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കെട്ടിടം പൊളിച്ചു മാറ്റിയാണ് അത്യാധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. അമ്പലത്തുകുളങ്ങരയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നടത്തിയത്. രജിസ്ട്രേഷൻ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന 51 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒന്നാണിത്.

ചേളന്നൂർ വില്ലേജിൽ രജിസ്ട്രേഷൻ വകുപ്പിന്റെ കൈവശമുള്ള 26 സെൻറ് ഭൂമിയിൽ 3,500 സ്ക്വയർഫീറ്റിലാണ് കെട്ടിടം നിർമ്മിച്ചത്. ചേളന്നൂർ, കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ, മടവൂർ, നരിക്കുനി വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ ഉള്ളത്. സബ് രജിസ്ട്രാർ ഉൾപ്പെടെ ഒൻപത് ജീവനക്കാരാണ് ഇവിടെയുള്ളത്.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ്, രജിസ്ട്രാറുടെ മുറി, ഓഡിറ്റർ ലൈബ്രറി, കാത്തിരിപ്പുകേന്ദ്രം, വരാന്ത, ഡൈനിങ് ഹാൾ, ഒന്നാമത്തെ നിലയിൽ റെക്കോർഡ് മുറി, കോൺഫറൻസ് ഹാൾ, രണ്ടാമത്തെ നിലയിൽ വലിയ ഹാൾ എന്നിവയാണ് ഒരുക്കിയത്. റെക്കോഡുകൾ മുകളിലേക്കും താഴേക്കും മാറ്റുന്നതിനായി ആധുനിക രീതിയിലുള്ള ഡംപ് വെയിറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ, ഗ്രീൻ പ്രോട്ടോകോൾ എന്നിവ പാലിച്ചാണ് ചടങ്ങ് നടത്തിയത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് റീജണൽ മാനേജർ വി.വി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ രജിസ്ട്രാർ ജനറൽ പി.വിലാസിനി, ചേളന്നൂർ സബ് രജിസ്ട്രാർ സി.സരോജിനി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.വത്സല, കുണ്ടൂർ ബിജു, കെ.ജമീല, പഞ്ചായത്ത് അംഗം ഹമീദ് മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആധാരമെഴുത്ത് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു