സെക്രട്ടറിയേറ്റിനെ കച്ചവട കേന്ദ്രമാക്കി: കെ. മുരളീധരന്‍

കോഴിക്കോട്// സെക്രട്ടറിയേറ്റിനെ മുഖ്യമന്ത്രിയുടെ ശിങ്കിടികള്‍ ചേര്‍ന്ന് കച്ചവട കേന്ദ്രമാക്കിയെന്ന് കെ. മുരളീധരന്‍ എം.പി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന തലത്തില്‍ നടത്തുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന ജില്ലാതല ഉപവാസത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രായാക്കിയ ഇടതു സര്‍ക്കാര്‍ കെടുകാര്യസ്ഥതകൊണ്ട് അധഃപതിച്ചിരിക്കയാണ്. പ്രൈവറ്റ് സെക്രട്ടറിയും മറ്റൊരു സെക്രട്ടറിയും കൂടി മുഖ്യമന്ത്രിയുടെ ഓഫീസിനെ കച്ചവട കേന്ദമാക്കുകയാണ്. ഇവരുടെ കൂട്ടുകച്ചവടത്തിന്റെയും സ്വപ്‌നയുടെ സ്വര്‍ണക്കള്ളക്കടത്തിന്റെയും ‘ഖ്യാതി’ നാടും കടലും കടന്ന് അങ്ങ് സ്വര്‍ഗത്തില്‍ പോലും എത്തിയിരിക്കുന്നു. പിഎസ്സിയെ മറികടന്ന് സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുകയാണ്. സര്‍വ്വ മേഖലയിലും അഴിമതി നടത്തുകയാണ് ഇടതു മുന്നണി സര്‍ക്കാരെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തില്‍ വിദേശ ബന്ധമുള്ളതിനാല്‍ കേസ് സിബിഐ അനേഷിക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ പറഞ്ഞു. ബാര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കാന്‍ പൊതുമേഖല സ്ഥാപനമായ ബെവറെജസ് കോര്‍പ്പറേഷനെ നോക്കുകുത്തിയാക്കിയിരിക്കയാണെന്നും മുനീര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ മാഫിയ സംഘത്തിന്റെ തടവറയായി മാറിയെന്നും ജനാധിപത്യ കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു. ചടങ്ങിന്‍ യുഡിഎഫ് ജില്ലാ ചെര്‍മാന്‍ കെ. ബാലനാരായണ്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.സിദ്ധിഖ്, എന്‍.സുബ്രഹ്മണ്യന്‍, അഡ്വ. പ്രവീണ്‍ കുമാര്‍, പി.എം. നിയാസ്, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ഉമ്മര്‍ പാണ്ടികശാല, കെ.സി. അബു, റസാഖ് മാസ്റ്റര്‍, ബാലഗോപാല്‍, കെ.എ. ഗംഗേഷ്, എന്‍.സി. അബൂബക്കര്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, സത്യന്‍ കടിയങ്ങാട് എന്നിവര്‍ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു