സമ്പര്‍ക്ക വ്യാപനം: പ്രായമായവരും കുട്ടികളും ഇതര രോഗമുള്ളവരും ജാഗ്രത പുലര്‍ത്തണം

മലപ്പുറം//  സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പ്രായമായവരും ചെറിയകുട്ടികളും മറ്റ്  രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയില്‍ ആനുപാതികമായി പ്രായമായവരുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കോവിഡ് ഗുരുതരമാവുന്നത് പ്രായമേറിയവരിലും ഇതരരോഗം ബാധിച്ചവരിലുമാണ്. പ്രായമേറിയവരില്‍ മിക്കവരിലും പ്രമേഹം, ഉയര്‍ന്ന രക്തസമര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിത ശൈലീരോഗങ്ങളുണ്ടെന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. അതിനാല്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെില്ലിലേക്ക് വിളിക്കാം.  ഫോണ്‍: 0483  273 7858, 273 7857, 273 3251, 273 3252, 273 3253,9015 803 804, ദിശ: 1056.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· പൂര്‍ണ്ണസമയവും വീടിനുള്ളില്‍ തന്നെ കഴിയുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.
· പുറത്തിറങ്ങുമ്പോള്‍ ശരിയായവിധം മാസ്‌ക് ധരിക്കുക.
· ആള്‍ക്കൂട്ടത്തില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കുക. മറ്റുള്ളവരില്‍ നിന്ന്  രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
· മറ്റ് സാധനങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക.
· കൈകള്‍ മുഖത്ത് തൊടാതിരിക്കുക.
· വീട്ടില്‍ എത്തിയ ഉടന്‍ കൈകള്‍ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
· ഇതര രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതിന് മുടക്കം വരുത്തരുത്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം.
· e.sanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒരു ഒ.ടി.പി  ലഭിക്കും. ആ ഒ.ടി.പി ടൈപ്പ് ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫോം കിട്ടും. ഈ ഫോം പൂരിപ്പിച്ചാല്‍ പേഷ്യന്റ് ഐ.ഡി ടോക്കണ്‍ നമ്പര്‍ കിട്ടും. മൊബൈലില്‍ ഡോക്ടറെ കാണേണ്ട സമയവും ലഭിക്കും.
· പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
· ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു