“ശൈലജ ടീച്ചർക്ക് നന്ദി” നീരവിന് ഇനി ചികിത്സ തുടരാം

report : bappu vadakkayil
താനൂർ >> കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്കും നന്ദി പറഞ്ഞാൽ തീരില്ലെന്ന് കെ പുരം കുണ്ടുങ്ങൽ സ്വദേശിപട്ടയത്ത് നിധീഷ്. അഞ്ചുമാസം പ്രായമുള്ള മകൻ നീരവിന്റെ ചികിത്സയ്ക്കായി സാമൂഹ്യ സുരക്ഷാ മിഷൻ്റെ കീഴിൽ നടപ്പാക്കുന്ന വീകെയർ പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ അനുവദിച്ചത്.
ലക്ഷത്തിലൊരാൾക്ക് ബാധിക്കുന്ന ഫിസിയോളജിക് അനീമിയ എന്ന അപൂർവ രോഗം പിടിപെട്ട് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്‌. മജ്ജ മാറ്റിവച്ചാൽ മാത്രമേ രോഗം പൂർണമായും മാറുകയൊള്ളൂ. 25 ലക്ഷം രൂപയിലേറെ ചെലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. ഇതിനോടകം നിരവധി സന്നദ്ധ സേവന സംഘടനകളും, സൗഹൃദക്കൂട്ടായ്മകളും നീരവിന്റെ ചികിത്സക്കായി ധനശേഖരണം നടത്തിയിട്ടുണ്ട്.
നീരവിന് നൽകാനായി നിധീഷിന്റെയും, ഭാര്യയുടേയും മജ്ജ പരിശോധിച്ചപ്പോൾ ഭാഗികമായി മാത്രമേ ചേരുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ തന്നെ പുതിയ ദാതാവിനെ കണ്ടെത്തിയതായി നിധീഷ് പറഞ്ഞു.
പ്രസവ സമയത്തു തന്നെ കുഞ്ഞിന്റെ ശരീരത്തിൽ രക്തത്തിലെ അളവ് കുറവായിരുന്നു. അന്നുമുതൽ തന്നെ രക്തം കയറ്റിയിരുന്നു. മൂന്നാഴ്ച കൂടുമ്പോൾ രക്ത പരിശോധന നടത്തി കുറവാണെങ്കിൽ രക്തം കയറ്റാറുണ്ട്. നിലവിൽ ആറിലേറെ തവണ കുഞ്ഞ് രക്തം സ്വീകരിച്ചിട്ടുണ്ട്.
ശരീരത്തിലെ രക്തക്കുറവ് തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദേശപ്രകാരം ബാംഗ്ലൂരിൽ വെച്ച് രക്തപരിശോധന നടത്തിയിരുന്നു. അതിലാണ് രോഗം തിരിച്ചറിയാനായത്. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാൻ ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ ഡോക്ടർമാർ നിർദ്ദേശിച്ചത്. ചികിത്സാ ചിലവ് കൂടുതലാണെന്നതിനാൽ സർക്കാർ സഹായം തേടാനും ഡോക്ടർ നിർദ്ദേശം നൽകി.
വി അബ്ദുറഹ്മാൻ എംഎൽഎയെയും, പ്രദേശത്തെ സിപിഐ എം നേതാക്കളെയും വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ ചികിത്സാ വിവരങ്ങൾ മന്ത്രി കെ കെ ശൈലജ ടീച്ചറെ അറിയിച്ചു. തുടർന്ന് വി കെയർ പദ്ധതിയിലൂടെ ചികിത്സാസഹായം അനുവദിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
കുഞ്ഞിനെ തിങ്കളാഴ്ച അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു പോകും. നാട്ടുകാർ ചേർന്നാണ് ഇതിനുള്ള സഹായങ്ങൾ നൽകുന്നത്
അപ്പോളോ ആശുപത്രിയിലെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാകുമെന്ന പ്രതീക്ഷയിലാണ് നീരവിന്റെ കുടുംബവും നാട്ടുകാരും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു