വിലങ്ങാട് ഉരുൾപൊട്ടൽ: ശനിയാഴ്ച ഒരു വർഷം തികയും

ദുരന്തബാധിതർ പെരുവഴിയിൽ തന്നെ

നാദാപുരം// രാത്രിയുടെ കൂരിരുട്ടിൽ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശനിയാഴ്ച ഒരു വർഷം പൂർത്തിയാകുന്നു. ഇതിനിടയിലും എല്ലാം നഷ്ടമായ ദുരന്ത ബാധിതർ കയറിക്കിടനക്കാനിടമില്ലാതെ പെരുവഴിയിൽ തന്നെ. വിലങ്ങാട് ആലി മൂലയിലാണ് കഴിഞ്ഞ വർഷം ആഗസ്ത് എട്ടിന് രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർക്ക് ജീവഹാനി നേരിടുകയും നിരവധി കുടുംബങ്ങളുടെ കിടപ്പാടവും, ഏക്കർ കണക്കിന് കൃഷിഭൂമിയും, ജീവിത സമ്പാദ്യങ്ങളും നഷ്ടമായത്.

തകർന്ന വീടുകൾ മാറ്റിപ്പണിയാൻ സർക്കാർ പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം ഇതുവരെ പൂർണ്ണമായും ലഭ്യമായിട്ടില്ല. പന്ത്രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്നത്. ഇതിൽ മൂന്നു വീടുകളുടെ സ്ഥാനം പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഒലിച്ചുപോയിരുന്നു. ഏറെക്കാലം വിലങ്ങാട്ടെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിട്ടും അഞ്ചുകുടുംബങ്ങൾക്ക് ആശ്വാസ ധനമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല.കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, മാപ്പിലയിൽ ലിസി എന്നിവരാണ് മണ്ണിനടിയിൽപെട്ട് മരണപ്പെട്ടത്. വീടു പൂർണ്ണമായും തകർന്ന കൊച്ചുപറമ്പിൽ ജോസഫ്, പൊൻ മലക്കുന്നേൽ ലൂക്കോസ്, കുഴിപ്പാംപ്ലാവിൽ ഫിലിപ്പ്, കാരിക്കുന്നേൽ തോമസ് , ആനി തോട്ടത്തിൽ മേരി, മൈലക്കുനിയിൽ മാർട്ടിൻ ജോസ്, മാപ്പിലയിൽ ദാസ്, കൊച്ചു മാണി പറമ്പിൽ ജിബിൻ, ഏലൂല് മോഹൻ ബാബു, തൊങ്ങൻ പുഴ ടോം, വട്ടക്കുന്നേൽ ജോസ്, പാളത്ത് പറമ്പിൽ രാജു, മറ്റത്തിൽ കുട്ടപ്പൻ, കുറ്റിക്കാട്ടിൽ ഫിലിപ്പ് എന്നിവർ വിലങ്ങാട് പരിസരത്തെ വാടക വീട്ടിലാണ് താമസം.

കൊവിഡ് കാലത്തെ സ്തംഭനവും, കാർഷിക മേഖലയിലെ തകർച്ചയും ഇവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മാസം 3000 രൂപ ക്ക് മുകളിലാണ് വീട്ടുവാടക. തൊഴിൽ മേഖല സ്തംഭിച്ചതോടെ ഭീമമായ വാടക നൽകി ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയാതെ വീടൊഴിയൽ ഭീഷണിയിലാണ് പലരും.സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുന്നിൽ കണ്ട് വീടുവെയ്ക്കാനായി സ്വന്തമായി സ്ഥലം വാങ്ങിയവരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. വിലക്ക് വാങ്ങിയ സ്ഥലത്ത്
വീടു വയ്ക്കാൻ അനുമതി നൽകില്ലെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്.

സർക്കാർ പ്രഖ്യാപിച്ച സഹായം ഉടൻ ലഭ്യമാക്കി തങ്ങൾക്ക് വീടു നിർമ്മിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. ദുരന്ത സമയത്ത് സഹായത്തിനെത്തിയ രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണാത്തതിലുള്ള അമർഷവും പ്രദേശവാസികൾ പങ്കുവെച്ചു. മരിച്ച ബെന്നിയുടെ കുടുംബത്തിൽ അവശേഷിക്കുന്ന ബിരുദ പഠനം പൂർത്തിയാക്കിയ രണ്ടു പേർക്ക് സർക്കാർജോലി നൽകി സംരക്ഷിക്കുമെന്ന പ്രഖ്യാപനവും വെറുതെയായതായി നാട്ടുകാർ ആരോപിക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു