വിലങ്ങാട് ഉരുൾപൊട്ടി; മലയോരത്ത് കനത്ത മഴ: ജില്ലയിൽ കൺട്രോൾ റൂം സജീവ മായി

കോഴിക്കോട്// ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതായി പ്രാദേശിക ലേഖകർ റിപ്പോർട്ട് ചെയ്തു. രാത്രി കക്കട്ടിൽ കിഴക്ക് ഭാഗം വിലങ്ങാട് വനത്തിനുള്ളിൽ ചെറിയ ഉരുൾപൊട്ടി. നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുൻകരുതൽ എന്നനിലക്ക് കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ എസ്. ടി. കോളനിയിലെ കുടുംബങ്ങളെ ചെമ്പുകടവ് യു.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു.

കോഞ്ചേരിക്കടുത്ത് ചെമ്പ് കടവ് ഉരുൾപൊട്ടിയതായി സൂചനയുണ്ട്. ചാലിയാർ, പൂനൂർ പുഴയിൽ ഒഴുക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. വെള്ളം ഉയരാൻ സാധ്യത ഉണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി , മേപ്പാടി, വൈത്തിരി മേഖലയിൽ മഴ തുടരുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി; ജില്ലയിൽ രണ്ട് ക്യാമ്പുകൾ തുറന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകൾ നടത്താനും ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷം ആരംഭിച്ച ജൂൺ മുതൽ ഇതുവരെ ജില്ലയിൽ രണ്ടു വീട് പൂർണ്ണമായും 62 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 വീടുകളാണ് ഭാഗികമായി തകർന്നത്.

സമീപ പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു.

മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ പ്രവർത്തന സജ്ജീകരണങ്ങൾ പൂർത്തിയായി.ജില്ലയിൽ നിലവിൽ മാവൂർ വില്ലേജിലെ ജി എം യു പി സ്‌കൂൾ, കച്ചേരിക്കുന്ന് അംഗൻവാടി എന്നിങ്ങനെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്.
മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ജി എം യു പി സ്‌കൂളിൽ ഒരു കുടുംബത്തെയും (3 സ്തീകൾ 2 പുരുഷൻ) കച്ചേരിക്കുന്ന് അംഗൻവാടിയിൽ ഒരു കുടുംബത്തെയുമാണ് ( 3 സ്തീകൾ 4 പുരുഷന്മാർ ) മാറ്റി താമസിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.
കൊടിയത്തൂർ വില്ലേജിൽ മലയിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്ത് നിന്നും ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൺട്രോൾ റൂം ആരംഭിച്ചു.

ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ പ്രവർത്തിക്കാൻ സജ്ജമാണെന്ന് കൊയിലാണ്ടി തഹസിൽദാർ കെ ഗോകുൽ ദാസ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കാനാവശ്യമായ നടപടികൾ വടകര താലൂക്കിൽ പുരോഗമിക്കുകയാണ്.
കാലവർഷക്കെടുതിയിൽ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് ആളുകളെ മാറിത്താമസിപ്പിക്കാൻ താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും സജ്ജമായിക്കഴിഞ്ഞു.തഹസിൽദാർ 5ഡെപ്യൂട്ടി തഹസിൽദാർമാർ ക്ലർക്കുമാരുടെയും നേതൃത്വത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് വടകര താലൂക്കിൽ നടത്തുന്നത്.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.

അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് അടക്കമുള്ള സജ്ജീകരണങ്ങൾ താമരശേരി താലൂക്കിൽ ഒരുങ്ങി. മുക്കത്ത് നിന്നുള്ള ഒരു യൂണിറ്റ് ഫയർഫോഴ്സാണ് താമരശേരി പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്യുന്നത്. ചുരം റോഡിൽ മരങ്ങൾ വീണും മറ്റും അടിക്കടിയുണ്ടാകുന്ന ഗതാഗതതടസം പരിഹരിക്കുന്നതിനും കട്ടിപ്പാറ, പുതുപ്പാടി തുടങ്ങിയ മലയോര മേഖലയിലടക്കം ഉടൻ എത്തിച്ചേരുന്നതിനുമാണ് ഫയർഫോഴ്സ് യൂണിറ്റ് താമരശേരിയിൽ ക്യാമ്പ് ചെയ്യുന്നത്. ഇതോടെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് ടീം എത്തിച്ചേരാനുള്ള സമയനഷ്ടം കുറയ്ക്കാനാകും.

കനത്ത മഴയും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാലും മുത്തപ്പൻപുഴ ആദിവാസി കോളനിയിലെ 8 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് തഹസിൽദാർ സി. മുഹമ്മദ് റഫീഖ് പറഞ്ഞു. ഇവർക്കായി ക്യാമ്പ് ആരംഭിക്കും.

നിലവിലെ സാഹചര്യവും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കലക്ടർ കെ ഹിമയുടെ അധ്യക്ഷതയിൽ 20 വില്ലേജ് ഓഫീസർമാരുടെയും ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർമാരുടെയും ഓൺലൈൻയോഗം വ്യാഴാഴ്ച ചേർന്നു.

വിവിധ കൺട്രോൾ റൂം നമ്പറുകൾ 1077(കലക്ടറേറ്റ്), 0496 2522361(വടകര), 8075359910,9746397980(കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി),0495 2220588,0495 2223088(താമരശേരി)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു