‘വിജയമന്ത്രങ്ങള്‍’ ഒരു മാസം പിന്നിടുന്നു

ദോഹ // മാദ്ധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ ലേഖന പരമ്പരയുടെ ശബ്ദാവിഷ്‌കാരം ഒരുമാസം പിന്നിടുന്നു. മുപ്പത് എപ്പിസോഡുകള്‍ പിന്നിടുന്ന ആദ്യ മലയാളം പോഡ്കാസ്റ്റായിരിക്കുമിതാണെന്നാണ് വിലയിരുത്തുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പകച്ചുനിന്ന ലോകത്തിന് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായി ഐഡിയ ഫാക്ടറി സി.സി.ഡി. സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സാണ് ഇത്തരമൊരു ലേഖന പരമ്പരക്ക് പ്രോല്‍സാഹനമായതെന്നും ഐഡിയ ഫാക്ടറിയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരോടും പൊതുവിലും ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസറിനോട് വിശേഷിച്ചും ഈ പരമ്പര കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ലേഖനപരമ്പരക്ക് ലഭിച്ച ആവേശകരമായ പ്രതികരണങ്ങളും വിലയിരുത്തലുകളുമാണ് ശബ്ദാവിഷ്‌ക്കാരത്തിന് പ്രേരകമായത്.

കേരളത്തിനകത്തും പുറത്തും സംരംഭകരുടെ ഗുണപരമായ വളര്‍ച്ചക്കും പുരോഗതിക്കും നൂതനങ്ങളും കാര്യക്ഷമവുമായ പരിപാടികളിലൂടെ സ്വന്തമായ ഇടം കണ്ടെത്തിയ ഐഡിയ ഫാക്ടറി, മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് സൊസൈറ്റി, വിവിധ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ മുതലായവ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്തതോടെ മലയാളികളെ ഏറ്റവും സ്വാധീനിച്ച പരമ്പരകളിലൊന്നായി വിജയമന്ത്രങ്ങള്‍ മാറുകയായിരുന്നു.

വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്‌സപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദവും സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെ കൂടുതല്‍ ജനകീയമാക്കിയത്.

ഡോ. അമാനുല്ല വടക്കാങ്ങര , ബന്ന ചേന്ദമംഗലൂർ

പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് ഒരു മാസവും പിന്നിട്ട് മുന്നോട്ടുപോകുവാന്‍ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിജയമന്ത്രങ്ങള്‍ ഈ മാസം അവസാനത്തോടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശയലോകം ബുക്‌സാണ് വിജയമന്ത്രങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു