വെള്ളമുണ്ട // പത്ത് കോടിയിലധികം രൂപാ ചിലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ തരുവണ-മക്കിയാട് റോഡില്‍ സുരക്ഷാസംവിധാനമൊരുക്കാത്തിനാല് അപകടങ്ങള്‍ക്കിടയാക്കുന്നു. തരുവണ ഏഴാംമൈലില്‍ ഇന്നലെ രാത്രിയില്‍ വാഹനം വീടിന്റെമുറ്റത്തേക്ക് മറിഞ്ഞ് ദുരന്തമൊഴിവായത് തലനാരിഴക്കാണ്. ഏഴാംമൈലിനോടടുത്ത പുനത്തിക്കണ്ടി അമ്മദിന്റെ വീട്ട് മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.കാര്‍ മറിയുന്നതിന് ഏതാനും മിനുട്ട് മുമ്പ് വരെ മുറ്റത്ത് വീട്ടുകാരുണ്ടായിരുന്നു. പകല്‍ സമയത്ത് കുട്ടികള്‍ കളിക്കുന്ന മുറ്റത്ത് നിന്നും രണ്ട് മീറ്ററോളം ഉയരത്തിലാണ് റോഡുള്ളത്.

നവീകരണസമയത്ത് മുറ്റത്ത് റോഡ് നിര്‍മാണം നടത്തുമ്പോള്‍ വാഹനങ്ങള്‍ താഴേക്ക് പതിക്കുന്നത് തടയാന്‍ സുരക്ഷാസംവിധാനമൊരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നപടികളൊന്നുമുണ്ടായില്ല.റോഡിന്റെ പലഭാഗത്തും ഇത്തരത്തില്‍ പരാതികളുണ്ട്.റോഡിലേക്ക് തള്ളിനില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയെങ്കിലും വലിയവേരുകള്‍ നീക്കം ചെയ്തിട്ടില്ല.ഇത്തരം ഭാഗങ്ങളില്‍ അപായസൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് കരാറുകാരന് മുങ്ങുകയാണുണ്ടായത്.ഇതോടെ റോഡിന്റെ വീതികൂട്ടിയത് കൊണ്ടുള്ള പ്രയോചനം പലഭാഗങ്ങളിലും ലഭിക്കാതെയായി.പൊതുമരാമത്ത് വകുപ്പ് പരിശോധനകള്‍ നടത്താത്തെതാണ് ഇത്തരം അശാസ്ത്രീയതക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.