മുക്കം ഇരട്ട കൊലപാതകം: ജയവല്ലി കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

report: c fasal babu

മുക്കം// സമൂഹ മനസാക്ഷിയെ  ഞെട്ടിച്ച മുക്കം ഇരട്ടക്കൊലപാതക കേസിൽ ജയവല്ലി കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇതിൻ്റെ ഭാഗമായി  കൊലപാതകം നടന്നമണാശ്ശേരിയിലെ ബിർജുവിൻ്റെ പഴയ വീട്ടിലെത്തി പ്രാഥമിക പരിശോധനയും നടത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി.എസ്.മുരളീധരൻ, എ.എസ്.ഐ എം.കെ. സുകു, എ.സി.പി.ഒ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് പരിശോധന നടത്തിയത്.

ജയവല്ലി കൊലപാതക കേസ് മുക്കം പോലീസും ഇസ്മയീൽ കൊലപാതക കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാൽ രണ്ട് കേസും ഒരു ഏജൻസി തന്നെ അന്വേഷിക്കുന്നതാണ് പ്രതിക്ക് ശിക്ഷ ലഭിക്കാൻ ഏറ്റവും നല്ലത് എന്ന ആശയമാണ് ജയവല്ലി കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ കാരണം. ജയവല്ലി കേസുമായി ബന്ധപ്പെട്ട് മുക്കം പോലീസ് നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. റിമാൻ്റ് റിപ്പോർട്ടിലടക്കം 

 ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത് . സ്വന്തം അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയതുൾപ്പെടെ പോലീസ് അക്കമിട്ട് നിരത്തിതിയിരുന്നു . മുക്കം ഇൻസ്പെക്ടർ ബി.കെ. സിജു വിൻ്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൈംബ്രാഞ്ചിന് പോലും ലഭിക്കാത്ത വിവരങ്ങൾ ലഭിച്ചിരുന്നത് . സംഭവ ദിവസം  രാവിലെ 10 മണിക്ക് മുക്കം ബസ് സ്റ്റാൻ്റിലെ ഒരു ചായക്കടയിൽ വെച്ചാണ് തൻ്റെ അമ്മയെ കൊലപ്പെടുത്താൻ ബിർജു ഇസ്മാഈലുമായി അവസാന ഗൂഡാലോചന നടത്തിയിരുന്നതായി വിവരം ലഭിച്ചത്.

കൃത്യം നടത്തുന്നതിനായി വൈകിട്ട് 6 മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ തിരിച്ചു പോയി. തുടർന്ന് രാത്രി 9 മണിക്ക് വീണ്ടുമെത്തി കട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മഈലിൻ്റെ സഹായത്തോടെ   ഫാനിൽ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും നിസാര കാര്യത്തിന്   കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം പ്ലാൻ ചെയ്തതിൻ്റെ അടിസ്ഥാനത്തിലായിരുന്നു. ഉള്ളിൽ നിന്ന് വാതിൽ അടച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇസ്മാഈൽ പുറത്തേക്ക് പോവുകയും ചെയ്തതായും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 2 ലക്ഷം രൂപയാണ് ഇസ്മാഈലിന് ബിർജു ഓഫർ ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിർ ജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇസ്മാമാലുമായി ബന്ധം സ്ഥാപിച്ചത്.

ഏക്കർ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിർജുവിൻ്റെ അച്ഛൻ വാസു സ്വത്ത് ചോദിച്ചുള്ള ബിജുവിൻ്റെ നിരന്തരമായ മാനസിക പീഢനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ടിൽ പോലീസ് പറയുന്നുണ്ട്. അമ്മയുടെ പേരിലുള്ള മണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്തുവാൻ അനുവദിക്കാതിരുന്നതിനാലും അമ്മയുടെ ബാങ്ക് ബാലൻസ് കൈക്കലാക്കുന്നതിനുമായാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. ബിർ ജുവും ഭാര്യയും അമ്മയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിർജു സംഭവ ശേഷം ഉള്ളിൽ നിന്ന് ബാത്ത് റൂം വഴി പുറത്തിറങ്ങി താൻ ബാത്ത് റൂം പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു . നാട്ടുകാർ എത്തിയപ്പോൾ പെട്ടന്ന് മൃതദേഹം താഴെയിറക്കാൻ ധൃതികൂട്ടിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അമ്മയുടെ മുടി കെട്ടി തൂക്കിയ കയറിന് ഉള്ളിലായതും മുടി കീറി പറിച്ച രീതിയിൽ കണ്ടെത്തിയതും മുഖത്ത് പിടിവലിയുടെ ലക്ഷണം തോന്നിപ്പിക്കുന്നതും അന്നത്തെ ഫോട്ടോയിൽ നിന്ന് പോലീസ് മനസിലാക്കി. ഇതും കൊലപാതകത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്നും ഇത് സംബന്ധിച്ച് മൊഴികൾ ഉള്ളതായും പോലീസ് കണ്ടെത്തിയിരുന്നു .

ലക്ഷ്യം പൂർത്തീകരിച്ച ബിർജു അമ്മയുടെ പേരിൽ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് 7 ലക്ഷം ഒരു മാസത്തിനു ള്ളിൽ  പിൻവലിക്കുകയും ഉടൻ തന്നെമണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്താൻ ശ്രമം നടത്തുകയും  ചെയ്തിതിരുന്നു . 30 ലക്ഷം രൂപക്കാണ്  മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വർഷത്തിന് ശേഷം വിറ്റത്. തുടർന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂർ സ്വദേശി ഇസ്മാഈലിനെ പ്രതിഫലമായ 2 ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു