മഴ അനുഗ്രഹമാക്കി വയൽ മീൻ പിടുത്തക്കാർ

report: aswathi menon
കോഴിക്കോട് // കൊവിഡ് സാഹചര്യത്തിൽ മീൻ വിപണി ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഉൾനാടൻ മീൻ വിപണി സജീവമാക്കുകയാണ് പ്രാദേശിക മേഖലയിലെ മീൻ പിടുത്തക്കാർ. മഴ പെയ്ത് വയലും, തോടും നിറഞ്ഞത് അനുഗ്രഹമായാണ് കാണുന്നത്.

ഉൾനാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ വയൽ വരമ്പിലും, തോടുവക്കിലും, പുഴയോരത്തും വെള്ളക്കെട്ടിലും പുഞ്ചയിലും മീൻ പിടിക്കുന്ന കാഴ്ച കാണാം. വീശു വല, ഒറ്റൽ, തണ്ടാടി, കോരു വല ഉപയോഗിച്ചും മീൻ കെണി, ചൂണ്ട ഉപയോഗിച്ചും മീൻ പിടിക്കൽ സജീവമാണ്. രാവിലെ ഏഴ് മണിയോടെ തുടങ്ങുന്ന മീൻ പിടിത്തം പതിനൊന്നോടെ അവസാനിപ്പിക്കും. തുടർന്ന് വൈകീട്ട് മൂന്നു മണിയോടെ ആരംഭിക്കുന്നത് സന്ധ്യമയങ്ങുന്നതിന് മുമ്പ് അവസാനിക്കും.

മാലാൻ, പുഴവാള, കൈതക്കോര, പരൽ, കടുങ്ങാലി, നെടുംഞ്ചുലി, മഞ്ഞൾഏട്ട തുടങ്ങിയ മീനുകളാണ് അധികം. ഇവ റോഡരുകിൽ എത്തിച്ച് അപ്പോൾ തന്നെ വിറ്റഴിയും. മോഹവിലക്കാണ് നാടൻ മീൻ വിറ്റഴിയുന്നത്. ജൂലൈയിൽ പുതുമഴ പെയ്യുന്നതോടെ പുഴയിൽ നിന്നും ജലാശയങ്ങളിൽ നിന്നും മുട്ടയിടാൻ മീനുകൾ കൂട്ടത്തോടെ വയലുകളിലേയ്ക്കും തോടുകളിലേയ്ക്കും കയറി തുടങ്ങും. തുടർന്ന് രണ്ടാഴ്ചക്കിടയിൽ മുട്ടയിട്ട മീനുകൾ പലതും തിരിച്ചിറങ്ങും. ഇതിനിടയിലാണ് വലിയ മീനുകൾ ലഭിക്കുന്നതെന്ന് മീൻപിടുത്തക്കാർ പറഞ്ഞു. വർഷത്തിൽ കുറഞ്ഞ മാസം മാത്രം ലഭ്യമാകുന്ന ഇത്തരം മീനുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു