മഴക്കാല മുൻകരുതൽ: കോഴിക്കോട് സന്നദ്ധസേനയിൽ പരിശീലനത്തിന് 44,102 പേർ

5,619 സ്ത്രീകളും ഒന്‍പത് ട്രാന്‍സ്ജന്‍ഡര്‍മാരും

വളണ്ടിയര്‍മാരുടെ പ്രീ-മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

കോഴിക്കോട് // ജില്ലയിലെ സന്നദ്ധ സേന വളണ്ടിയര്‍മാര്‍ക്കായി പ്രീ-മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു.
രണ്ടാഴ്ചയാണ് പരിശീലനം. ജില്ലയില്‍ നിന്നും 44,102 പേരാണ് പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 38,474 പുരുഷന്മാരും
5,619 സ്ത്രീകളും ഒന്‍പത് ട്രാന്‍സ്ജന്‍ഡര്‍മാരുമാണുള്ളത്.

വെള്ളപ്പൊക്കം-മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനം, പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകള്‍, ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനം, എമര്‍ജന്‍സി കിറ്റ് തയ്യാറാക്കല്‍, ഫസ്റ്റ്എയ്ഡ്, സി.പി.ആര്‍ നല്‍കല്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കുന്നത്.
ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങിനെ നേരിടണമെന്നതും മറികടക്കണമെന്നതും സംബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, നേരിടുന്നതിനും രക്ഷപ്രവര്‍ത്തനം നടത്തുന്നതിനും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സാമൂഹിക സന്നദ്ധസേന രൂപീകരിച്ചിരുന്നു.

മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കായി സന്നദ്ധ സേന ഡയറക്ട്രേറ്റ് പ്രീ-മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നത്. www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് പരിശീലനത്തിനാവശ്യമായ സമയം തെരഞ്ഞെടുക്കാം.
രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ് ഐഡി കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കൂ. ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരുടെ വീഡിയോ പ്രേസന്റെഷനുകള്‍ പരിശീലനത്തിനായി തയാറാക്കിയിട്ടുണ്ട്. സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ്, സി-ഡിറ്റ് എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു