ബത്തേരിയിൽ കർശന നിയന്ത്രണം;

വഴിയോര കച്ചവടം നിരോധിച്ചു
മത്സ്യ വിൽപ്പന സർവ്വീസ് പാടില്ല

ബത്തേരി // കോവിഡ‌് 19 വ്യാപനം തടയുന്നതിന‌് ബത്തേരി നഗരസഭയിൽ ഒരു മാസം നീളുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ ഓഫീസിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. അഞ്ച‌് മുതൽ അടുത്ത മാസം അഞ്ച‌് വരെ നിയന്ത്രണം തുടരും. കടകളിലും മറ്റ‌് സ്ഥാപനങ്ങളിലും വന്നു പോകുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും എഴുതിയ രജിസ‌്റ്റർ സൂക്ഷിക്കണം.

കൈ കഴുകുന്നതിന‌് വെള്ളവും ഹാൻഡ‌് സാനിറ്റൈസറും സൂക്ഷിക്കണം. സാനിറ്റൈസർ ഒഴിച്ചു നൽകുന്നതിന‌് ഒരാളെ പ്രത്യേകം നിർത്തണം. ഹോട്ടലുകളിൽ ഇരുന്ന‌് ഭക്ഷണം പാടില്ല. രാത്രി 10 വരെ പാർസലായി നൽകാം. മെഡിക്കൽ സ‌്റ്റോറുകൾ ഒഴിച്ചുള്ള കടകളുടെ പ്രവർത്തനം വൈകീട്ട‌് അഞ്ചുവരെ മാത്രം. മെഡിക്കൽ സ‌്റ്റോറുകൾക്ക‌് എട്ടുവരെ പ്രവർത്തിക്കാം. ഉന്തുവണ്ടികളിലും ഗുഡ‌്സുകളിലുമുള്ള വഴിയോര കച്ചവടം പാടില്ല. വീടുകൾ കയറി മത്സ്യവും മാംസവും മറ്റ‌് വസ‌്തുക്കളും വിൽക്കുകയും പണമിടപാടുകൾ നടത്തുന്നതും അനുവദിക്കില്ല. തിരക്ക‌് ഒഴിവാക്കുന്നതിന‌് പലചരക്ക‌് മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്ന‌് പേരെ മാത്രമെ പ്രവേശിപ്പിക്കാവൂ. ലോഡിറക്കാൻ എത്തുന്ന ലോറികളുടെ ഡ്രൈവറും ക്ലീനറും ചുമട്ട‌് തൊഴിലാളികളിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ഒരേ സമയത്ത‌് ഒന്നിലധികം ലോറികൾ ചരക്കിറക്കാൻ എത്തരുത‌്. ഓട്ടോറിക്ഷകളും ടാക‌്സികളും ഗുഡ‌്സുകളും നിശ്ചിത ദിവസങ്ങളിൽ മാത്രമെ ടൗണിൽ പ്രവേശിക്കാവൂ. ഇതിനായി ഒറ്റ, ഇരട്ട നമ്പറുകൾ ക്രമീകരിക്കും. ചുമട്ട‌് തൊഴിലാളികളുടെ നിലവിലെ പൂൾ സമ്പ്രദായം താൽക്കാലികമായി നിർത്തി നിശ്ചിത എണ്ണത്തിലുള്ളവരെ ജോലിയെടുക്കാൻ അനുവദിക്കും. ടൗണിൽ ഭിക്ഷാടനം അനുവദിക്കില്ല. വഴിക്കണ്ണ‌് സ‌്റ്റിക്കർ ഒട്ടിച്ച വാഹനങ്ങൾ ടൗണിൽ നിർത്തരുത‌് തുടങ്ങിയവ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.

യോഗത്തിൽ ചെയർമാൻ ടി എൽ സാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ‌്സൺ ജിഷാ ഷാജി, സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരായ സി കെ സഹദേവൻ, ബാബു അബ്ദുറഹിമാൻ, കൗൺസിലർ എൻ എം വിജയൻ, നഗരസഭ സെക്രട്ടറി അലി അസ‌്ഗർ, പൊലീസ‌് ഇൻസ‌്പെക്ടർ ജി പുഷ‌്പകുമാർ, എസ‌്ഐ എ ബി രാജു, പി വൈ മത്തായി, സി അബ്ദുൾഖാദർ, അനീഷ‌് ബി നായർ, പി ജി സോമനാഥൻ, ഉമ്മർ കുണ്ടാട്ടിൽ, അബ്ദുള്ള മാടക്കര എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു