പഴയ ഇരുമ്പിന് ക്ഷാമം; കൊല്ലപ്പണിക്കാർ ദുരിതത്തിൽ

പേരാമ്പ്ര // ലോക് ഡൗൺ തുടങ്ങിയതോടെ ഇരുമ്പായുധങ്ങൾ നിർമ്മിക്കാനാവശ്യമായ പഴയ ഇരുമ്പുകൾക്ക് ക്ഷാമം നേരിട്ടത് പരമ്പരാഗതതൊഴിലെടുക്കുന്ന കൊല്ലപ്പണിക്കാർക്ക് ദുരിതകാലമായി .നാട്ടിലെ ആക്രിക്കച്ചവടക്കാരിൽ നിന്നുമാണ് ഇവർ ജോലി ചെയ്യുന്നതിനാവശ്യമായ പഴയ ഇരുമ്പുകൾ ശേഖരിച്ചിരുന്നത്. എന്നാൽ ലോക് ഡൗൺ തുടങ്ങിയതോടെ വാഹനങ്ങൾ കൂടുതലായും റോഡിൽ ഇറങ്ങാത്തതും, ഇവയുടെ അറ്റകുറ്റപ്പണിക്കു വേണ്ടി വർക് ഷോപ്പുകളിൽ എത്താത്തതുമാണ് പഴയ ഇരമ്പിന് ക്ഷാമം നേരിടാൻ പ്രധാനകാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.

കരിയുടെയും, വൈദ്യുത ചാർജിൻ്റെയും വർദ്ധനവ് മൂലം പ്രതിസന്ധിയിലായ കൊല്ലപ്പണിശാലകൾ പഴയ ഇരുമ്പിൻ്റെ, ക്ഷാമവും നേരിട്ടപ്പോൾ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇരുമ്പ് കിട്ടാത്ത പക്ഷം പുതിയ കാർഷിക, വീട്ടുപകരണങ്ങളൊന്നും തന്നെ നിർമ്മിക്കാൻ കഴിയില്ലെന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നന്നവർ പറയുന്നത്. അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന കൊല്ലപ്പണിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതിയുണർന്നിരുന്നു. ഈ അവസരത്തിൽ കൊല്ലപ്പണിശാലകളെ അവശ്യ സേവന മേഖലയിൽ ഉൾപ്പെടുത്തി കൂടുതൽ സാമ്പത്തിക പാക്കേജുകളും മറ്റാനുകൂല്യങ്ങളും നൽകണമെന്നാണ് പരമ്പരാഗത തൊഴിലാളികൾ  ആവശ്യപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു