തമ്പലമണ്ണ സബ് സ്റ്റേഷൻ ഉദ്ഘാടനം തിങ്കളാഴ്ച

report: fasal babu
മുക്കം >> കേരളത്തിൻറെ സമഗ്ര 
വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാറും കെഎസ്ഇബിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ തമ്പലമണ്ണ 110 കെ.വി സബ് സ്റ്റേഷൻ മറ്റു 12 സബ് സ്റ്റേഷനുകൾക്കൊപ്പം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാൻ നിലവിലുള്ള സബ്സ്റ്റേഷനുകളുടെയും ലൈനുകളുടെയും വോൾട്ടേജ് നിലവാരം ഉയർത്തുകയും ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.ഇതിൻ്റെ ഭാഗമായി ഉറുമി, ചെമ്പുകടവ്, പതങ്കയം മുതലായ വൈദ്യുതി ഉല്പാദന നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസ്സംസം കൂടാതെ പ്രസരണം ചെയ്യുവാനും തിരുവമ്പാടി, കോടഞ്ചേരി, പുല്ലൂരാംപാറ, ആനക്കാംപൊയിൽ, കൂടരഞ്ഞി, കൂമ്പാറ, നെല്ലിപ്പൊയിൽ, കണ്ണോത്ത്, മൈക്കാവ്, ചെമ്പുകടവ് എന്നീ പ്രദേശങ്ങളിലെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിനുമാണ് 11.4 
കിലോമീറ്റർ ദൂരത്തിൽ അഗസ്ത്യമുഴി 110 കെവി സബ്സ്റ്റേഷനിൽ നിന്നു 
തമ്പല മണ്ണയിലേക്ക് ഭൂഗർഭ 
കേബിൾ സ്ഥാപിക്കുകയും തമ്പല മണ്ണയിൽ നിലവിലുണ്ടായിരുന്ന 
33 കെവി സബ്സ്റ്റേഷൻ 
110 കെവി ആക്കി ഉയർത്തി നിർമാണം പൂർത്തീകരിക്കുകയും ചെയ്തത്.

ഇതോടെ 110 കെവി അഗസ്ത്യന്മുഴി സബ്സ്റ്റേഷനിൽ നിന്ന് എത്തിക്കുന്ന വൈദ്യുതി ഈ സബ്സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള 16 എംബിഎ 
ശേഷിയുള്ള രണ്ട് 
110/ 33 കെ വി ട്രാൻസ്ഫോമർ വഴി സമീപപ്രദേശങ്ങളിൽ 
വിതരണം ചെയ്യാനാവും.മലയോരത്തെ ഉത്പാദന നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസ്സമില്ലാതെ പ്രസരണം ചെയ്യാനും സാധിക്കും. 

തമ്പലമണ്ണ സബ്സ്റ്റേഷനിൽ നിന്നു 
അഗസ്ത്യൻ മുഴി  സമ്പ്സ്റ്റേഷനിലേക്ക് 
നിലവിലുള്ള 33 കെവി ലൈനുകൾ തോട്ടം മേഖലകളിലൂടെ കടന്നു പോകുന്നതിനാൽ മഴക്കാലത്തും മറ്റും ലൈനുകൾ തകരാറിലാവുകയും നിരന്തരമായി 
വൈദ്യുതി മുടങ്ങുകയും ചെയ്യുമായിരുന്നു. ഈ പ്രശ്നത്തിന്  പരിഹാരമാവുകയാണ്.. 
മലയോര മേഖലയുടെ വികസനത്തിൽ കുതിച്ചു ചാട്ടം ലക്ഷ്യമാക്കിക്കൊണ്ട് പ്രദേശത്തെ ഉൽപ്പാദനം നടത്തുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതുമായ ഒമ്പതോളം ചെറുകിട  ജലവൈദ്യുത പദ്ധതികളിലെ
വൈദ്യുതി തടസ്സരഹിതമായി 
പൂർണതോതിൽ സ്വീകരിക്കാൻ ഈ ഭൂഗർഭ കേബിൾ വഴി സാധ്യമാകുമെന്ന് അധികൃതർ പറയുന്നു. 

2017 നവംബറിൽ 33.25 
കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് 2018 ഡിസംബർ മാസത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞിരുന്നു. 11.4 കിലോമീറ്റർ നീളത്തിലുള്ള ഭൂഗർഭ കേബിൾ റൂട്ടിൽ 260 മീറ്റർ നീളത്തിൽ പാറ പൊട്ടിച്ച് കേബിൾ സ്ഥാപിക്കുകയും 940 മീറ്റർ ദൂരത്തിൽ എച്ച് ഡി ഡി സംവിധാനം വഴി ഭൂമി തുരന്ന് കേബിൾ  സ്ഥാപിക്കുകയുമാണ് ചെയ്തത്. ഈ കേബിളുകൾ യോജിപ്പിക്കുന്നതിന്  22 ചേമ്പറുകളും  വിവിധഭാഗങ്ങളിൽ സ്ഥാപിച്ചു. ഇത്തരം ഭൂഗർഭ കേബിൾ കേരളത്തിലെ ഏറ്റവും നീളം കൂടിയതാണ്. 

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോളിക്യാബ് എന്ന കമ്പനിയാണ് നിർമ്മാണം സമയബന്നിതമായി പൂർത്തിയാക്കിയത്.പദ്ധതിയുടെ അടങ്കൽ തുക 33.25 കോടി രൂപയായിരുന്നെങ്കിലും 27 കോടി രൂപ മാത്രമാണ്  ചെലവായത്.17 ന് മൂന്നു മണിക്ക് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും. വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു