ജീവിതം വഴിമുട്ടി സ്വകാര്യ ബസ് തൊഴിലാളികൾ

സർക്കാർ ആനുകൂല്യം
ബസ് ഉടമകൾക്ക്

നാദാപുരം >>   ലോക് ഡൗണിൽ ജീവിതം വഴിമുട്ടി സ്വകാര്യ ബസ് ജീവനക്കാർ. ആറുമാസത്തോളമായി മുടങ്ങിക്കിടക്കുന്ന സ്വകാര്യ ബസ് സർവീസ് മേഖല  പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറയാൻ കഴിയാത്തതിനാൽ ജീവനക്കാരുടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. ജില്ലയിൽ 1260 ലധികം ബസുകളിലായി അയ്യായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

തൊഴിൽ നഷ്ടമായ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കടക്കെണിയിൽപെട്ട രണ്ടു തൊഴിലാളികൾ ജില്ലയിൽ ഇതിനകം ആത്മഹത്യ ചെയ്തു. കൊവിഡ് ഇളവിൽ ചെറിയ തോതിൽ സർവീസ് പുനരാരംഭിച്ചെങ്കിലും നഷ്ടം കാരണം നിർത്തിവെക്കുകയായിരുന്നു. മാത്രമല്ല ജോലി സമയത്ത് ആരോഗ്യ ഭീഷണി നിലനിന്നിരുന്നതിനാൽ തൊഴിലാളികൾ ഒട്ടും സുരക്ഷിതരായിരുന്നില്ല.

 മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്  ക്ഷേമനിധി  ആനുകൂല്യങ്ങൾ ലഭ്യമാകുമ്പോൾ അശാസ്ത്രീയമായ നിയമങ്ങൾ മൂലം ഇവ ലഭ്യമല്ല. ക്ഷേമ നിധി ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ മാറ്റം വരുത്തണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ സംഘടനകൾ ആവശ്യപ്പെടുന്നത്. കൂടാതെ തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായമായി പതിനായിരം രൂപ, സൗജന്യ റേഷൻ, വൈദ്യുതി ചാർജ്ജിൽ അമ്പത് ശതമാനം ഇളവ്, കൊ വിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവർത്തകർക്കു നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ബസ് തൊഴിലാളികൾക്കും അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

സാധാരണ വിഷു ആഘോഷ സമയത്താണ് തൊഴിലാളികൾക്കുള്ള ബോണസ് ആനുകൂല്യം നൽകാറുള്ളത്. കൊ വിഡ് കാലത്തെ വിഷുവിനിടെ ബസ് സർവീസ് നിലച്ചതിനാൽ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് ആനുകൂല്യം വിതരണം ചെയ്തിട്ടില്ല. സ്ഥിരം തൊഴിലാളികൾക്ക് മാത്രമാണ് ക്ഷേമനിധിക്ക് അർഹത ലഭിക്കുന്നത്. എന്നാൽ പലരും സ്ഥിരം തൊഴിലാളികളാണെങ്കിലും ദിവസന വേതനക്കരാറിൽ ഏർപ്പെട്ടതിനാൽ ഈ ആനുകുല്യത്തിന് പുറത്താണ്. മുതലാളിമാരും ബസുടമകൾക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. നാലു വിഭാഗങ്ങളായി തിരിച്ചാണ് ക്ഷേമ നിധി നൽകിയിരുന്നത്.

പട്ടിക ഒന്നിൽ വരുന്ന ടൂറിസ്റ്റ് ബസ് തൊഴിലാളികൾക്ക് 5000 രൂപ, രണ്ടാം വിഭാഗത്തിൽ പടുന്ന ചരക്ക് വാഹന തൊഴിലാളികൾക്ക് 3500 രൂപ, മൂന്നാം വിഭാഗത്തിലെ ടാക്സി തൊഴിലാളികൾക്ക് 2500 രൂപ, ഓട്ടോ തൊഴിലാളികൾക്ക് 2000 രൂപ എന്നിങ്ങനെയാണ് ക്ഷേമ നിധി ആനുകൂല്യത്തിൻ്റെ മാനദണ്ഡം. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു