കൃഷിയില്ലാതെ നിലനില്‍പ്പില്ല, കര്‍ഷകര്‍ നാടിന്റെ രക്ഷകര്‍ത്താക്കള്‍- റവന്യു മന്ത്രി

കാസർക്കോട് >> കൃഷിയും കൃഷി അനുബന്ധ മേഖലകളുമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ചോര നീരാക്കി മണ്ണില്‍ അഹോരാത്രം പണിയെടുക്കുന്ന കര്‍ഷകരാണ് നാടിന്റെ രക്ഷകര്‍ത്താക്കളെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖര്‍ പറഞ്ഞു. ജില്ലാതല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിച്ച് തുടങ്ങീട്ട് 28 വര്‍ഷം പിന്നിടുകയാണ്. കൃഷിഭവനുകളുടെ രൂപീകരണം കാര്‍ഷിക മേഖലയ്ക്ക് വലിയൊരു ഉണര്‍വ്വായിരുന്നു. കാര്‍ഷിക മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. കാര്‍ഷിക വിളകളിലേക്ക് തിരികെ മടങ്ങണമെന്ന വലിയൊരു പാഠം കോവിഡ് കാലം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സുഭിക്ഷ കേരളത്തിലൂടെ ജില്ല കൈവരിച്ചത് വലിയ നേട്ടം- ജില്ലാ കളക്ടര്‍
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും, ഹോള്‍സൈല്‍ മാര്‍ക്കറ്റും ജില്ലയില്‍ തുടങ്ങുന്നു

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും സുഭിക്ഷ കേരളത്തിലൂടെ ജില്ല കൈവരിച്ചത് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ നേട്ടമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലാതല കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ 3100 ഏക്കറോളം ഭൂമി പുതിയതായി കൃഷിയോഗ്യമാക്കി. ഇതിലൂടെ 10000 ത്തോളം ആളുകളാണ് കാര്‍ഷിക മേഖലയിലേക്ക് കടന്നു വന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനും സംസ്‌കരണത്തിനുമായി ജില്ലയില്‍ ബ്ലോക്ക്തലത്തില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനും മാര്‍ക്കറ്റിങ്ങിനുമായി പെരിയയില്‍ ഹോള്‍സയില്‍ മാര്‍ക്കറ്റ് കൂടി ആരംഭിക്കാനുള്ള നടപടികളും നടന്നു വരികയാണെന്ന് കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല കര്‍ഷക ദിനാചരണം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആശംസകളര്‍പ്പിച്ചു. ബ്ലോക്ക്തലത്തില്‍ ആരംഭിക്കുന്ന കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.വി രമേശന്‍, കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ സംബന്ധിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ മീനാ റാണി സ്വാഗതവും കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ലക്ഷീദേവി നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു