‘കറൻസി ഡിസിൻഫെക്ടർ’ കൊവിഡ് തടയാൻ ഉപകരണം വികസിപ്പിച്ച് വിദ്യാർഥികൾ

ബാങ്കിംഗ് മേഖലക്ക് ഗുണകരം

report: fasal babu pannikod
മുക്കം: കറൻസി കൈ മാറ്റത്തിലൂടെ കൊവിഡ് പടരാനുള്ള സാഹചര്യം തടയുന്ന ഉപകരണം വികസിപ്പിച്ച് എൻജിനീയറിങ് വിദ്യാർഥികൾ. കളൻതോട് കെ.എം.സി.ടി എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ടി. ആദർശ്, ഫിനു മുഹമ്മദ്, രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ആകാശ്, അജയ്, ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് ജാബിർ എന്നിവരാണ് ‘കറൻസി ഡിസിൻഫെക്ടർ’ എന്ന ഉപകരണം രൂപകൽപന ചെയ്തത്.

കടകളിലും ഷോപ്പിങ് മാളുകളിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരിൽ നിന്ന് പണം വാങ്ങുമ്പോഴും തിരികെ നൽകുമ്പോഴും വൈറസ് ബാധയേൽക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള ഉപകരണമാണ് ഈ ഭാവി എൻജിനീയർമാർ വികസിപ്പിച്ചെടുത്തത്. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ കൈയുറകൾ ധരിച്ചാണ് കറൻസികൾ സ്വീകരിക്കുന്നത്. കേരളത്തിൽ സമ്പർക്ക വ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ ഉപകരണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് വിദ്യാർഥികൾ പറയുന്നു. കറൻസി കൈമാറ്റത്തിലൂടെ കൊവിഡ് പടരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത്തരമൊരു പരീക്ഷണത്തിന് തയാറായത്.

കറൻസി ഡിസിൻഫെക്ടർ എന്ന ഉപകരണത്തിലൂടെ കടത്തിവിടുന്ന നോട്ടുകളുടെ ഇരുഭാഗങ്ങളിലേക്കും അൾട്രാവയലറ്റ്‌ രശ്മികൾ ഏകീകരിപ്പിച്ച് അഞ്ച് സെക്കൻഡുകൾക്കകം അണുവിമുക്തമാക്കുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തനം. ഉപകരണം വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുവാൻ ഏതെങ്കിലും കമ്പനികൾ മുന്നോട്ടുവരികയാണെങ്കിൽ ഇതിന്റെ എല്ലാ വിവരങ്ങളും കൈമാറാൻ തയാറാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു