കരിപ്പൂർ ദുരന്തം: മരണം 19

ഇതു വരെ അഞ്ച് അപകടങ്ങൾ

കോഴിക്കോട് // കരിപ്പൂർ വിമാന ദുരന്തത്തിൽ മരണം 19 ആയി. 14 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രണ്ട് കുട്ടികളടക്കം അഞ്ചു പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.

നടുവണ്ണൂർ നരയംകുളം തണ്ടപുറത്ത് ജാനകി (55), അഫ്സൽ മുഹമ്മദ് (10) വെള്ളിമാട്കുന്ന്, ദീപക് സാഥെ (58), ഐമ (4), അഖിലേഷ് കുമാർ (കോ പൈലറ്റ് ) ,പിലാശ്ശേരി ഷറഫുദ്ദീൻ, കോക്കല്ലൂർ ചക്കരപ്പറമ്പ് രാജീവൻ, സാഹിർ സെയ്ത് (36)തിരൂർ, എടപ്പാൾ കോലളമ്പ് ലൈലാബി (51), മുഹമ്മദ് റിയാസ് (50) പാലക്കാട്, നാദാപുരം മനാൽ അഹമ്മദ്, സിനോബിയ (40), ശാന്ത തിരൂർ (45), ദീപക് വസന്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് സ്ത്രീകളെയും രണ്ട് പെൺകുട്ടികളെയും തിരിച്ചറിയാനുണ്ട്. വിവിധ ആശുപത്രികളിലായി പരിക്കേറ്റവർ ചികിത്സയിലാണ്.

കരിപ്പൂരിൽ ഇതിനു മുമ്പ് 2012 മുതൽ നാല് അപകടങ്ങളാണ് ഉണ്ടായത്. ഒന്നിലും അളപായമോ പരിക്കോ ഉണ്ടായിട്ടില്ല. ഇവയിൽ രണ്ട് അപകടങ്ങൾ ചെറുതായിരുന്നു.

2012 ഏപ്രിൽ 30-ന് കരിപ്പൂരിൽനിന്ന് ദുബായിക്ക് ഉയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് വലത്തെ എൻജിൻ തകർന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കി.
2017 ആഗസ്റ്റ് നാലിന് ചെന്നൈയിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ അരികിൽ വിളക്കുകൾ തകർത്ത് ഇറങ്ങിയെങ്കിലും ദുരന്തം ഒഴിവായി. മഴ കാരണം വെളിച്ചക്കുറവും മിനുസവുമാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്.

2019 ജൂൺ 21-ന് അബുദാബി കോഴിക്കോട് വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചിരുന്നു. ഡിസംബർ 24-ന് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർപൊട്ടി അപകടമുണ്ടായി. ടേണിങ് പാഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം. അളപായമോ പരിക്കോ ഉണ്ടായില്ല. ഇതിനു ശേഷമാണ് ഇന്നലെ കേരളത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു