കരിപ്പൂർ ദുരന്തം: നിർദ്ദേശങ്ങൾ ഗൗരവമായി കാണണം – റമീള സുഖ്ദേവ്

ദുബായ് // ക്രിട്ടിക്കൽ വിമാനത്താവളങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെട്ട കരിപ്പൂർ എയർ പോർട്ടിൽ ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ നിർദ്ദേശം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിൽ കരിപ്പൂരിൽ ഇത്തരത്തിലുള്ള ദുരന്തം ഒഴിവാക്കാമായിരുന്നതായി കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡവലപ്പ്മെൻ്റ് സൊസൈറ്റി (സിയാഡ്സ് ) മുൻ ജനറൽ സെക്രട്ടറി റമീള സുഖ്ദേവ്.

റമീള സുഖ്ദേവ്

കരിപ്പൂർ എയർപോർട്ട്ന് അന്താരാഷ്ട്ര വിമാനത്താവളം എന്ന പദവി ലഭിക്കുന്നതിന് കാലതാമസം നേരിടാനുണ്ടായ പ്രധാന കാരണം നൈറ്റ് ലാൻഡിംഗ് ഫെസിലിറ്റിയും റൺവേയുടെ വികസനവുമായിരുന്നു. ഹഡ്കോയിൽ നിന്ന് 60 കോടി രൂപ കടം എടുത്ത് അതിന്റെ പലിശപ്പണമായി “യൂസേഴ്‌സ് ഫീ ” പ്രവാസികളിൽ നിന്ന്‌ പിരിച്ചെടുത്തുകൊണ്ടാണ് ആദ്യമായി എയർപോർട്ട് അതോറിറ്റി റൺവേ വികസന പ്രവർത്തനം തുടങ്ങിയത് . അന്ന് ഭദ്രാ കൺസ്ട്രക്ഷൻ ആയിരുന്നു ടെൻഡർ. വേണ്ടത്ര ഫലവത്തായിരുന്നില്ല നിർമ്മാണമെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് സുരക്ഷിതമല്ലെന്ന് ഒരു വർഷം മുൻപേ അധികൃതർ എ ഡി യെ വിവരം അറിയിച്ചതായി അറിയുന്നു. റൺവേയുടെ മിനുസം കൂടുതലായതിനാൽ മഴക്കാലത്ത് ലാൻഡിങ്ങിനിടെ അപകടസാധ്യത ഉണ്ടാകാനിടയുണ്ടെന്നാണ് കഴിഞ്ഞ വർഷം ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയതായറിയുന്നു .

ഇതിന്റെ തുടർച്ചയായി അറ്റകുറ്റപ്പണികൾ നടന്നെങ്കിലും അതു ഫലപ്രദമായില്ലെന്നാണ് ഇന്നലത്തെ അപകടത്തിൽ നിന്നു വ്യക്തമാകുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടി.
റൺവേയിൽ മഴവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നുവെന്നാണ് സൂചന. ചില ഭാഗങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ചെരിവുണ്ടായിരുന്നു. കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഡിജിസിഎ കണ്ടെത്തിയിരുന്നു.

വിമാനത്താവളത്തിലെ സംവിധാനങ്ങൾ, സൗകര്യങ്ങൾ, നടപടിക്രമങ്ങൾ, ഭൂമിശാസ്‌ത്രം തുടങ്ങിയവ വിലയിരുത്തിയാണു റിപ്പോർട്ട് സമർപ്പിച്ചത് . ഭൂമിശാസ്ത്രപരമായി ഈ ഭൂമി ടേബിൾ ലാൻഡ് അഥവാ പീഠഭൂമിയാണ് . അയൽ പ്രദേശങ്ങളിൽ നിന്ന് ഭൂമി വാങ്ങി കുന്നിടിച്ചു നിരപ്പാക്കി എയർപോർട്ട് റൺവേ വികസിപ്പിച്ചെടുക്കുകയും അതിലുപരി പകൽ പോലെ വെളിച്ചം ലഭിക്കാവുന്ന ഫ്ലെഡ് ലൈറ്റുകൾ വേണ്ടത്ര റൺവേയിൽ സ്ഥാപിക്കുകയും ചെയ്താൽ മഴക്കാലത്തു ഇരുട്ട് മൂടപ്പെട്ട കാലാവസ്ഥയെ അതിജീവിക്കാനാകും . സ്ഥലം വാങ്ങി പകരം അവരെ സർക്കാർ പുനരധിവസിപ്പിക്കാൻ തയ്യാറാവണമെന്ന് റമീള പറഞ്ഞു.

ഇന്നെവരെ കരിപ്പൂരിൽ വിമാനം പറത്തിച്ചിട്ടുള്ള സകല പൈലറ്റ് മാരും ഇവിടത്തെ ലാൻഡിംഗ് റിസ്‌ക്കിനെ ക്കുറിച്ചു റിപ്പോർട്ട് ചെയ്തവരാണ്. നെടുമ്പാശ്ശേരിയും കിയാലും സ്വകാര്യ വിമാനത്താവളങ്ങളാണ്. പലപ്പോഴും കരിപ്പൂരിന്റെ കാര്യത്തിൽ ഒരു വടക്കൻ ലോബികളുടെ കൈകടത്തൽ ഉണ്ടായിരുന്നതായി ആരോപണം നിലനിൽക്കുന്നു. ഇനിയൊരു ദുരന്തം കരിപ്പൂരിൽ ആവർത്തിക്കാതിരിക്കണം എങ്കിൽ കേന്ദ്ര സർക്കാരും സിവിൽ ഏവിയേഷൻ വകുപ്പും എയർപോർട്ട് അതോറിറ്റിയും ചേർന്ന് കരിപ്പൂരിന്റെ കാര്യത്തിൽ ഗൗരവകരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടന്ന് അവർ ആവശ്യപെട്ടു.

2000 മുതൽ 2005 വരെ കരിപ്പൂർ എയർപോർട്ട് ആയി ബന്ധപ്പെട്ട നിരവധി വികസന പ്രവർത്തനങ്ങൾക്കായി നിരാഹാര സമരങ്ങൾ വരെ നടത്തിയ വ്യക്തിയാണ് റമീള. റൺവേയുടെ നിർമ്മാണം ത്വരിത ഗതിയിലാക്കുന്നതിനും യൂസർസ്ഫീ പിൻവലിക്കുന്നതിനും ഹജ്ജ് ഫ്ലൈറ്റ് ആരംഭിക്കുന്നതിനും 24 മണിക്കൂർ നിരാഹാരം നടത്തിത് മൂലം വികസന നടപടി ഉണ്ടായി.അതിലുപരി നിയമപരമായും കേസുകൾ ഫയൽ ചെയ്ത് നീതി നേടിയെടുത്തിട്ടുണ്ട് . ആ കാലഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങൾ ഇന്നും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലന്ന് പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു