കരിപ്പൂർ: കേസിൽ കക്ഷിചേരും മലബാർ ഡവലപ്മെന്റ് കൌൺസിൽ

അഡ്വക്കേറ്റ് ജനറലിനെ
നിയോഗിക്കണം

കോഴിക്കോട് >> കോഴിക്കോട് വിമാനത്താവളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു വ്യക്തി ഫയൽ ചെയ്ത കേസിൽ വിമാനത്താവളം നിലനിർത്തുന്നതിന് കക്ഷിചേരാൻ മലബാർ ഡവലപ്മെന്റ് കൌൺസിൽ (എം.ഡി.സി )അടിയന്തിര ഓൺലൈൻ യോഗം തീരുമാനിച്ചു.

2010 മംഗലാപുരത്ത് വൻദുരന്തം സംഭവിച്ചിട്ടും ഇത്ര വിചിത്രമായ ആവശ്യം ആരും ഉന്നയിച്ചിട്ടില്ല അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് ധൃതിപിടിച്ച് ഹൈക്കോടതിയെ സമീപിച്ചതിൽ യോഗം അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും ഡിജി. സി എ, യുടെയും എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് കോഴിക്കോട് ഇൻ്റർനാഷണൽ എയർപോർട്ട് പ്രവർത്തിക്കുന്നതെന്ന് വ്യോമയാനമന്ത്രിയും, മറ്റു ബന്ധപ്പെട്ട വകുപ്പുകളും മറ്റു വിദഗ്ധരും അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയ സാഹചര്യത്തിൽ അനവസരത്തിലും വസ്തുതക്കു നിരക്കാത്തതുമാണ് കേസെന്ന് യോഗം അഭിപ്രായപ്പെട്ടു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡി.ജി.സി.എ, വിവിധ സ്വദേശ വിദേശ വിമാന കമ്പനികളുടെ സാങ്കേതിക വിദഗ്ധരും ആവർത്തിച്ചു കർശനമായി പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷമാണ് കോഡ് ഇ വിമാനങ്ങൾക്ക് അനുമതി നൽകിയതും ഒന്നൊന്നായി സർവീസ് തുടങ്ങിയതും.
ഓഗസ്റ്റ് ഏഴാം തീയതിയിലെ അപകടത്തിൽപ്പെട്ടത് ചെറിയ വിമാനം ആണെന്നിരിക്കെ വലിയ വിമാന സർവീസ് താൽക്കാലികമായി നിർത്തിയത് നീതിക്ക് നിരക്കാത്തതും ധൃതി പിടിച്ചതുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ കാര്യത്തിൽ കേരള സർക്കാർ കോഴിക്കോട് വിമാനത്താവളം നിലനിർത്തുന്നതിന് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലിനെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട്‌ യോഗം അഭ്യർത്ഥിച്ചു. ഭാവി പ്രവർത്തനങ്ങൾ ഊർജിത
പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കോഴിക്കോട് വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും വിവിധ സംഘടനകളുടെയും സൂം മീറ്റിംഗ് വിളിച്ചുചേർക്കാൻ തീരുമാനിച്ചു. നിരവധി നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത കോഴിക്കോട് വിമാനത്താവളവും അന്താരാഷ്ട്ര പദവിയും നിലനിർത്തുന്നതിനും പ്രതാപം വീണ്ടെടുക്കുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ മുന്നോട്ടുവന്ന വിമാനകമ്പനികൾക്ക് അനുമതി ലഭിക്കാൻ യോജിച്ച് പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കേസിന്റെ തുടർ നടപടിക്കായി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. അയ്യപ്പനെ യോഗം ചുമതലപ്പെടുത്തി.

മലബാര്‍ പ്രദേശത്തെ ലക്ഷക്കണക്കിന് പ്രവാസികളുടെ ആശ്വാസമായ കാലിക്കറ്റ് എയര്‍പോര്‍ട്ടിനെതിരെയുള്ള എല്ലാ നീക്കത്തേയും ചെറുത്ത് തോല്‍പിക്കാന്‍ പദ്ധതികളൊരുക്കാനും യോഗത്തില്‍ ധാരണയായി. കൗൺസിൽ പ്രസിഡന്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗവും ആയ ഷെവലിയർ സി.ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു കേസിനെ പറ്റിയും വിശദീകരിച്ചു.ഈ സാഹചര്യത്തിൽ എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗം വിളിച്ചു ചേർക്കാൻ ചെയർമാൻ, സഹചെയർമാൻ, എയർപോർട്ട് ഡയറക്ടർ, എന്നിവരോട് അംഗമെന്ന നിലക്ക് ആവശ്യപ്പെട്ടതായി യോഗത്തിൽ അറിയിച്ചു. രക്ഷാധികാരി ഡോക്ടർ.എ.വി.അനൂപ് മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് എം. കെ അയ്യപ്പൻ സ്വാഗതം പറഞ്ഞു.
എം. വി. മാധവൻ, പ്രാ.ഫിലിപ്പ് കെ ആന്റണി, കുന്നോത്ത് അബൂബക്കർ, പി. ഐ അജയൻ, എം. വി. കുഞ്ഞാമു, സി.വി. ജോസി, സി. സി. മനോജ്‌, കെ. സലീം, കെ. എൻ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ഐ.അജയൻ നന്ദി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു