കരിപ്പൂര്‍ ദുരന്തം: 115 പേര്‍  ചികിത്സയില്‍

6 പേരുടെ നില ഗുരുതരം

57 പേര്‍ വീടുകളിലേക്ക് മടങ്ങി

കരിപ്പൂര്‍ // വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍  115 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അറിയിച്ചു. അതില്‍   6 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍  ചികിത്സ തുടരുന്നത്.  57 പേര്‍ വിദഗ്ധ ചികിത്സക്ക്  ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

കോട്ടക്കല്‍ അല്‍മാസ് ആശുപത്രി രണ്ട് പേര്‍, പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രി 16 പേര്‍, മഞ്ചേരി കൊരമ്പയില്‍ ആശുപത്രി ഒരാള്‍, മഞ്ചേരി മലബാര്‍ ആശുപത്രി ഒരാള്‍, കോഴിക്കോട് മിംസ് ആശുപത്രി 32 പേര്‍, കോട്ടക്കല്‍ മിംസ് അഞ്ചു പേര്‍, പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി രണ്ട്  പേര്‍,  കോഴിക്കോട് മൈത്ര ആശുപത്രി 10പേര്‍, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി 22പേര്‍, കോഴിക്കോട്  ഇഖ്റ ആശുപത്രി അഞ്ചു പേര്‍, പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേര്‍,  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്‍പത് പേര്‍, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേര്‍ എന്നിങ്ങനെയാണ്  പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍  ചികിത്സയിലുള്ള കണക്ക്.

മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവരില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച  രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു