കരിപ്പൂരിൽ വിമാന ദുരന്തം: സംസ്ഥാനം നടുങ്ങി

മരണം 17, ആറ് പേർക്ക്
അതീവ ഗുരുതരം

കേരളത്തിലെ ആദ്യ ദുരന്തം
രക്ഷാപ്രവർത്തനം തുടരുന്നു

report: aswathi menon
കോഴിക്കോട് // കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടയിൽ വിമാനം തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് വീണു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ക്യാപ്റ്റൻ ഡി.വി. സാട്ടേ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മിംസ്, ബേബി മെമ്മോറിയൽ, മെഡിക്കൽ കോളെജ്, മഞ്ചേരി , കൊണ്ടോട്ടി സ്വകാര്യ ആശുപത്രികളിലും മറ്റു ആശുപത്രി കളിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 16 പേർ കൂടി മരിച്ചു. ഇതോടെ അപകടം നടന്ന് നാല് മണിക്കൂറിനിടയിൽ 17 പേർ മരിച്ചു. സഹപൈലറ്റ് അഖിലേഷും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ 11പേരും മിംസ്‌, ബേബി, കൊണ്ടോട്ടി ആശുപത്രികളിലായി രണ്ട് പേർ വീതവുമാണ് മരിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിലാണന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

ദുബായിൽ നിന്ന് വൈകീട്ട് കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് 189 യാത്രക്കാരും ആറ് വിമാന ജോലിക്കാരുമായി പുറപ്പെട്ട “വന്ദേ ഭാരത് ” എയർ ഇന്ത്യയുടെ AXB 1344 B737 ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 7.39 ന് ലാൻഡിംഗിനിടയിൽ തെന്നി റെൻ വേയ്ക്ക് പുറത്ത് മാറി അപകടത്തിൽ പെട്ടത്.

വൈകീട്ട് നാലു മണി മുതൽ ജില്ലയിൽ കനത്ത മഴ തുടരുകയായിരുന്നു. ഇതിനിടയിലാണ് വിമാനം ലാൻഡിംങ്ങിന് തുടങ്ങിയത്. ശക്തമായ മഴയത്ത് പൈലറ്റിന് റൺവെ കാഴ്ച ഉണ്ടായില്ലന്നാണ് വിലയിരുത്തുന്നത്. ലാൻഡിംങ്ങിന് മുമ്പ് മഴ കാരണം റൺവേ കാണുന്നില്ലെന്ന് പൈലറ്റ് കരിപ്പൂർ കൺട്രോൾ റൂമിൽ സന്ദേശം നൽകിയതായി പറയുന്നുണ്ട്. ഇത് വ്യോമയാന മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

മഴ കാരണം പുകമഞ്ഞ് നിറഞ്ഞതോടെ ടേബിൾ ടോപ് റൺവെ കാണാതായന്നാണ് കരുതുന്നത്. റൺവെയിൽ ഇറങ്ങിയ വിമാനം തെന്നിമാറി റെൺ വെയുടെ അതിർത്തി തകർത്ത് താഴ് വാരത്തേക്ക് മുൻഭാഗം ഇടിച്ച് കുന്നുംപുറം മേലങ്ങാടി ക്രോസ് ബെൽറ്റ് റോഡിനടുത്ത് വീഴുകയായിരുന്നു. വൻ ശബ്ദത്തോടെയാണ് വിമാനം വീണതെന്ന് യാത്രക്കാർ പറഞ്ഞു. ഒരു ഭാഗത്തെ ചിറകും വാതിൽ ഭാഗവും തകർന്ന് വിമാനം രണ്ടായി പിളർന്ന് മാറിയ നിലയിലാണ്. സംഭവത്തെ തുടർന്ന് വിമാനത്താവള സുരക്ഷാ വിഭാഗം അടിയന്തിര രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് നാട്ടുകാരും പൊലീസും ഫയർ സർവ്വീസും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. രാത്രി പത്തരയോടെയാണ് പരിക്കേറ്റ യാത്രക്കാരനെയും പുറതെത്തിച്ചു. വിമാന അവശിഷ്ടത്തിനടിയിൽ കുടുങ്ങി കിടക്കുന്ന രണ്ട് പേരെ പതിനൊന്നരയോടെ പുറത്തെടുത്തു. അപകടത്തെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിട്ടു.

(രാത്രി 11.50 വരെയുള്ള വിവരം.)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു