ഇതരസംസ്ഥാന തൊഴിലാളികളുടെ അരലക്ഷം രൂപ കവർച്ച ചെയ്തു

പയ്യോളി //ദേശീയപാതയിൽ  അയനിക്കാട് കളരിപ്പടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത്  മോഷണം. നാൽപത്തിയേഴായിരത്തി അറുനൂറ്  രൂപയും, മൊബൈൽ ഫോണും വസ്ത്രങ്ങളുമാണ്  മോഷ്ടാക്കൾ കവർന്നത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

താമസസ്ഥലത്തിന് സമീപത്തെ വാഹന സർവ്വീസ് കേന്ദ്രത്തിലെ തൊഴിലാളികളായ ആസ്സാം സ്വദേശികളായ മലാക്കി , ചോട്ടു , മാർട്ടിൻ എന്നിവരാണ് രണ്ട് മുറികളിലായി താമസിച്ചിരുന്നത്. ഇവരിൽ മലാക്കിയും ചോട്ടുവും കിടന്നുറുങ്ങിയ മുറിയിലാണ് മോഷണം നടന്നത്. മലാക്കി  ടോയ്ലറ്റിൽ പോകാനായി  പുറത്തിറങ്ങിയ സമയത്തായിരുന്നു മോഷ്ടാവ് അകത്ത് കയറി ബാഗ് കവർന്നതെന്ന് പറയുന്നു . മലാക്കിയോടപ്പം മുറിയിൽ ഉണ്ടായിരുന്ന ചോട്ടു എന്ന അജയ് ഈ സമയത്ത് ഉറക്കത്തിലായിരുന്നു . മലാക്കി ടോയ്ലറ്റിൽ നിന്ന് തിരിച്ചെത്തിയ ഉടനെയാണ്  പണമടങ്ങിയ ബാഗ്  നഷ്ടപ്പെട്ടതായി  ശ്രദ്ധയിൽപ്പെടുന്നത്.

മറ്റൊരു തൊഴിലാളിയായ മാർട്ടിൻ സമീപത്തെ മുറിയിലായിരുന്നു.  സ്ഥലത്ത് മോഷ്ടാക്കളുടേതെന്ന് കരുതുന്ന  പഴയ വസ്ത്രങ്ങൾ , ചെരുപ്പ് , ഒരു സിം കാർഡ് എന്നിവ അടങ്ങിയ ബാഗ്  കളഞ്ഞുകിട്ടിയിട്ടുണ്ട്. 

ഇതിനിടയിൽ മോഷണശേഷം  ഇരിങ്ങൽ ഭാഗത്തേക്ക് രണ്ട് പേർ നടന്നുപോയതായി തൊഴിലാളികൾ സംശയച്ചതിനെ  തുടർന്ന് സ്ഥാപനമുടമയുടെയും  നാട്ടുകാരുടെയും  നേതൃത്വത്തിൽ   തിരച്ചിൽ നടത്തിയിരുന്നു. ഒരു കിലോമീറ്ററകലെ ഇരിങ്ങലിൽ നിർത്തിയിട്ട പാലക്കാട് രജിസ്ട്രേഷനിലുള്ള മൺപാത്രങ്ങൾ കയറ്റിയ  മിനിലോറിയെ സംശയാസ്പദമായി കണ്ടെത്തിയിരുന്നു.   

ലോറിയുടെ നമ്പർ പ്ലേറ്റ് അടക്കമുള്ള  ഫോട്ടോ എടുത്തത് ശ്രദ്ധയിൽപെട്ടപ്പോൾ ഉടനെ ലോറി സ്റ്റാർട്ട് ചെയ്ത് വടകര ഭാഗത്തേക്ക് പോയതായി പറയുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു