കോഴിക്കോട് >> സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി നൂറില്‍ 82 മാര്‍ക്ക് നേടി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി നേടി. സ്വയം വിലയിരുത്തല്‍ നടത്തിയാണ് പഞ്ചായത്ത് ഈ പദവി നേടിയെടുത്തത്.
ജൈവമാലിന്യങ്ങള്‍ ഉറവിടത്തിലും അജൈവ മാലിന്യ സംസ്കരണം 84 ശതമാനം വീടുകളിലും ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവര്‍ത്തനം, കോഴി മാലിന്യ സംസ്കരണം, കടലിലെയും നീര്‍ത്തടങ്ങളുടെയും പ്ലാസ്റ്റിക് നിര്‍മാര്‍ജനം, മുടി മാലിന്യ സംസ്കരണം, കുടിനീര് തെളിനീര് പദ്ധതി, മുത്തശ്ശിയോട് ചോദിക്കാം, പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചത്, ഹരിത കല്യാണം, ഹരിത പ്രോട്ടോകോള്‍ യൂണിറ്റ്, എന്റെ അഴിയൂര്‍ നിര്‍മ്മല അഴിയൂര്‍ പദ്ധതി, ഫിലമെന്റ് രഹിത ഗ്രാമപഞ്ചായത്ത്, നീര്‍ത്തട നടത്തം, ജലശ്രീ ക്ലബ് രൂപീകരണം, കിണര്‍ പരിപാലന പരിപാടികള്‍, മലിനജല സംസ്കരണം, ജീവ താളം പദ്ധതി, ഗൃഹ ചൈതന്യം പദ്ധതി, പച്ചത്തുരുത്ത്, ശുചിത്വ ഭവനം പദ്ധതി എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ് അഴിയൂര്‍ ശുചിത്വ പദവി നേടിയെടുത്തത്.
മാലിന്യ സംസ്കരണത്തിലൂടെ ഏകദേശം ഒന്‍പതു ലക്ഷം രൂപ വരുമാനം പഞ്ചായത്തിന് നേടി. പഞ്ചായത്ത് ഓഫീസില്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ ചാത്തന്‍കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയന് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് നാളിത് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വമിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ നാസര്‍ ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജാസ്മിന കല്ലേരി. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ മാളിയേക്കല്‍, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ സുധീഷ് തൊടു വയല്‍, കുടുംബശ്രീ അധ്യക്ഷ ബിന്ദു ജയ്സണ്‍, അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ്, ഹരിത കേരളം മിഷന് ആര് പി. പി. ഷംന, വി. ഇ. ഒ. എം. വി. സിദ്ദീഖ്, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 10 കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രഖ്യാപിച്ചു.
300 കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന് പദ്ധതിപ്രകാരം കുടിവെള്ള കണക്ഷന് എത്തിക്കും, നഗര സഞ്ജയന പദ്ധതിയിലുള്‍പ്പെടുത്തി പൊതുസ്ഥലങ്ങളില്‍ ടോയ്ലറ്റ് സംവിധാനം സ്ഥാപിക്കും, മുഴുവന്‍ വീടുകളിലും വാട്ടര്‍ ഓഡിറ്റ് നടത്തും, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സഹായത്തോടെ ഔഷധസസ്യങ്ങള്‍ വീടുകളില്‍ എത്തിക്കും, പ്ലാസ്റ്റിക്കിന് ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഹരിതകര്‍മസേന യുടെ നേതൃത്വത്തില്‍ തയ്യാറാക്കും, മാലിന്യ നിര്‍മ്മാര്‍ജനത്തിന് പുതിയ സോഫ്റ്റ്വെയര് ഉണ്ടാക്കും, 36 മിനി എം സി എഫ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആരംഭിക്കും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ ചെയ്യുന്നതിന് വാഷിംഗ് മെഷീന് സ്ഥാപിക്കും, 200 പേര്‍ക്ക് ബയോബിന്‍ നല്‍കും, ടൗണുകളില്‍ തുമ്പൂര്‍മൊഴി സംസ്കരണ സംവിധാനം സ്ഥാപിക്കും എന്നിവയാണ് 10 പ്രവര്‍ത്തനങ്ങള്‍.