ഹജ്ജ് : ആഭ്യന്തര വിശ്വാസികളുടെ ആദ്യ സംഘം എത്തി

മക്ക॥ വിശുദ്ധ ഹജ്ജ് കർമ്മം നടക്കാനിരിക്കെ ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി. ആഭ്യന്തര ഹാജിമാരുടെ ആദ്യ സംഘമാണ് വിശുദ്ധ ഭൂമിയിലെത്തിയത്. ഖസീം പ്രവിശ്യയിൽ നിന്നും ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിച്ചേർന്ന ആദ്യ ഹജ്ജ് സംഘത്തെ ഹജ്ജ് ഉംറ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും വിമാനത്താവള ഉന്നതാധികൃതരും ചേർന്ന് സ്വീകരിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ആഭ്യന്തര ഹാജിമാരായ പതിനായിരം ഹാജിമാരാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യ ഭൂമിയിൽ എത്തിച്ചേരുക. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മുഴുവൻ ആരോഗ്യ മുൻകരുതലുകളും സ്വീകരിച്ച് ഇവരെ ജിദ്ദ വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ നിന്നും ഇവരെ താമസ സ്ഥലങ്ങളിലേക്ക് മാറ്റി.

വിവിധ പ്രവിശ്യകളിൽ മക്കയിലെത്തുന്ന ഹാജിമാരെ മക്കയിലെ ഫോർപോയന്റ് ഹോട്ടലിലാണ് താമസിപ്പിക്കുക. ദുൽഹജ് നാലു മുതൽ ദുൽഹജ് എട്ടു വരെയാണ് ഫോർപോയന്റ് ഹോട്ടലിൽ തീർഥാടകരെ സ്വകീരിച്ച് താമസ സൗകര്യം നൽകുക. ഇവിടെ നിന്നായിരിക്കും ഹാജിമാർ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിനായി മിനായിലേക്ക് തിരിക്കുക. പുണ്യ സ്ഥലങ്ങളിൽ ഹാജിമാരെ സ്വീകരിക്കാൻ മുഴുവൻ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ഈ വർഷം ഹജ്ജിനെത്തുന്ന പതിനായിരം ഹാജിമാരിൽ ഏഴായിരം ഹാജിമാരും സൗദിക്കകത്തെ വിദേശികളായിരിക്കും. മുവ്വായിരം തീർത്ഥാടകർ സൗദി പൗരന്മാരുമായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം, വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വ കൈമാറി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കിസ്‌വ കൈമാറിയത്.

ഹറം കാര്യ വകുപ്പ് മേധാവി ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ്, കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സ് ഡയറക്റ്ററും ഹറം കാര്യ വകുപ്പ് അണ്ടർ സിക്രട്ടറിയുമായ അഹ്‌മദ്‌ അൽ മൻസൂരി എന്നിവരും സന്നിഹിതരായിരുന്നു.

കിസ്‌വ കൈമാറ്റ രേഖയിൽ അൽ സുദൈസും സ്വാലിഹ് അൽ ശൈബിയും ഒപ്പ് വെച്ചു. ഹജ് തീർഥാടകർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. ദുൽഹജ് പത്തിന് രാവിലെ പുതിയ പുടവയിൽ അണിഞ്ഞൊരുങ്ങിയാണ് വിശുദ്ധ കഅ്ബാലയം തീർഥാടകരെ സ്വീകരിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു