സിറാജ് ഫ്‌ളൈഓവര്‍: ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

വയനാട് യാത്ര സുഖകരമാകും

കൊടുവള്ളി // സിറാജ് ഫ്‌ളൈ ഓവറിന്റെയും പടനിലം പാലത്തിന്റെയും ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.

സിറാജ് ഫ്‌ളൈ ഓവര്‍ യാഥാര്‍ഥ്യമാകുന്നതോടെ ദേശീയപാത 766 ഭാഗമായ ഏറ്റവും തിരക്കുപിടിച്ച സ്ഥലങ്ങളില്‍ ഒന്നായ കൊടുവള്ളിയില്‍ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതസ്തംഭനത്തിന് പരിഹാരമാകും. ഇതോടെ കൊടുവള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കാനും കോഴിക്കോട് താമരശ്ശേരി പ്രദേശങ്ങളിലേക്കും വയനാട് ജില്ലയിലേക്കുമുളള ഗതാഗതം സുഖമമാക്കുന്നതിനും കഴിയും.

സിറാജ് ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണത്തിന് 54.02 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നേരത്തേ ലഭ്യമാക്കിയിരുന്നു. സ്ഥലപരിമിതി പരിഗണിച്ച് ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഏറ്റെടുത്ത് സാമൂഹിക ആഘാതം കുറച്ചുകൊണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. കൊടുവള്ളി വില്ലേജിലെ ഇതിലെ 27 ഓളം സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട 0.2810 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കലിനാണ് സര്‍ക്കാര്‍ വിജ്ഞാപനമായത്.

നരിക്കുനി, മടവൂര്‍, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായ പടനിലം പാലം നിലവില്‍
രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ സാധിക്കാത്ത നിലയിലാണ്. പാലത്തിന്റെ പുനര്‍നിര്‍മാണം പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനു സഹായകരമാകും. കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ മടവൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന, പൂനൂര്‍ പുഴക്ക് കുറുകെയുള്ള പടനിലം പാലവും, അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിനായി 5.5 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇതിനായി 0.1368 ഹെക്ടര്‍ ഭൂമിയാണ് മടവൂര്‍ ,കുന്ദമംഗലം വില്ലേജുകളിലായി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമായതെന്ന് കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു