മൃതദേഹത്തിൽ നിന്നും രോഗ പകർച്ച സാധ്യത ഇല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം // കോവിഡ് വൈറസുകൾ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണെന്നും മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികൾ നിഷ്‌കർഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവർത്തകർ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദർഭത്തിൽ ഈ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നു.

വൈദ്യുത ശ്മശാനങ്ങളിൽ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന വളരെ ഉയർന്ന താപനിലയിൽ ആയതിനാൽ വൈറസുകൾ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകൾ. യഥാർഥത്തിലുള്ള പ്രശ്നം ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ആൾക്കൂട്ടമാണ്. അവിടെ കൂടുന്നവരിൽ രോഗവ്യാപനം ഉണ്ടാകാം.

ഇതു സാധൂകരിക്കുന്ന നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായി. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. അവിടെയാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പിന്തുടരേണ്ടത്. അല്ലാതെ, ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹങ്ങളുടെ സംസ്‌കാരം തടയാൻ വേണ്ടി കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം.

അതിനു നേതൃത്വം കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസിൽ ശക്തമായ ഇടപെടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.  മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിനു ചേർന്ന നടപടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു