കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്കുപോകാന്‍ പ്രയാസമനുഭവിക്കുന്ന ഖത്തര്‍ മലയാളികള്‍ക്കായി പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം 176 യാത്രക്കാരുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്നപ്പോള്‍ സംഘാടകര്‍ സേവന സായൂജ്യത്തിന്റെ ആത്മനിര്‍വൃതിയിലും യാത്രക്കാര്‍ മാനവ സ്നേഹത്തിന്റെ മഹിത മാതൃക സമ്മാനിച്ചവര്‍ക്കുള്ള പ്രാര്‍ഥനാ മന്ത്രങ്ങളിലും മുഴുകുകയാണ്.
നാടണയാന്‍ ടിക്കറ്റിന് പോലും വകയില്ലാതെ കഷ്ടപ്പെട്ട തങ്ങളെ നാട്ടിലെത്തിക്കാനായി മുന്നോട്ടുവന്ന ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെ സംയുക്ത സമിതിയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റിയെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന സേവനത്തിന്റെ മാലാഖമാരായ കമ്മറ്റി ഭാരവാഹികളോടും വളണ്ടിയര്‍മാരോടും പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ടെന്ന് യാത്രക്കാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇന്‍കാസ്, സംസ്കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ എന്നീ സംഘടനകളും കോസ്റ്റല്‍ ട്രേഡിംഗ്, ഗള്‍ഫാര്‍ അല്‍ മിസ്നദ്, ട്രേ ട്രേഡിംഗ്, ടീം തിരൂര്‍ തുടങ്ങിയ അഭ്യുദയകാംക്ഷികളുമാണ് മാതൃകാപരമായ ഈ സംരംഭവുമായി സഹകരിച്ചത്.
സമീര്‍ ഏറാമല, കെ.സി അബ്ദുല്‍ ലത്തീഫ്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, എ.പി ഖലീല്‍, മുഹമ്മദ് ഫൈസല്‍, അമീന് ആസിഫ്, സമീല്‍ ചാലിയം തുടങ്ങി നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ നേതൃത്വം നല്കി. ഐ.സി.ബി.എഫുമായി സഹകരിച്ച് ഗോ എയര്‍ വിമാനമാണ് കമ്മറ്റി ചാര്‍ട്ടര്‍ ചെയ്തത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി ഏറ്റവും അര്‍ഹരായവരെയാണ് സൗജന്യ യാത്രക്ക് പരിഗണിച്ചത്. പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. 180 സീറ്റുകളുള്ള വിമാനം അനൗണ്‍സ് ചെയ്തപ്പോള്‍ ആയിരത്തിഅഞ്ഞൂറിലധികമാളുകളാണ് പ്രയാസങ്ങള്‍ പറഞ്ഞ് വിളിച്ചത്. ഭക്ഷണം, താമസം, മരുന്ന്, യാത്ര തുടങ്ങി നിരവധി പ്രയാസങ്ങളാണ് നമ്മുടെ മുന്നിലെത്തിയത്. ആവശ്യത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന കരളലയിപ്പിക്കുന്ന കഥകളാണ് പലരും പങ്കുവെച്ചത്. പ്രയാസപ്പെടുന്ന മലയാളി സഹോദരങ്ങളെ സഹായിക്കുന്നതിനായി കൂടുതല്‍ സൗജന്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനെക്കുറിച്ചാണ് കമ്മറ്റി ആലോചിക്കുന്നതെന്ന് ചെയര്മാന് അഡ്വ. നിസ്സാര്‍ കൊച്ചേരി പറഞ്ഞു.
ഓരോ പ്രവാസികള്‍ക്കും ഭാഗഭാക്കാവാന്‍ കഴിയുന്ന രീതിയിലാണ് പുതിയ സര്‍വീസുകള്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര് 55813105 എന്ന നമ്പറില്‍ അഡ്വ. നിസാര്‍ കോച്ചേരിയുമായി ബന്ധപ്പെടണം.
യാത്രക്കാര്‍ക്ക് മാനസികാരോഗ്യം നല്‍കുന്നതിന്റെ ഭാഗമായി മൈന്റ് ട്യൂണര്‍ സി. എ. റസാഖിന്റെ പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തിയത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ മശ്ഹൂദ് തിരുത്തിയാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. യാത്രക്കാര്‍ക്ക് അത്യാവശ്യമായ കെ.എന്‍ 95 മാസ്ക്, സാനിട്ടൈസര്‍, സ്നാക്ക്സ്, ജ്യൂസ് എന്നിവയടങ്ങിയ കിറ്റും നല്കി സ്വന്തം ബന്ധുക്കളെ യാത്രയയക്കുന്നതിലും ഊഷ്മളമായാണ് സംഘാടകര്‍ യാത്രക്കാരെ വിമാനത്തിലേക്കയച്ചത്.
പ്രവാസികളെ എല്ലാവരും കയ്യൊഴിയുകയോ വേണ്ടപോലെ പരിഗണിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ധത്തിലും സംഘര്ഷത്തിലുമകപ്പെട്ട് വേദനിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പുക എന്ന മഹത്തായ നിയോഗമാണ് പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി ഏറ്റെടുത്തിരിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് നല്കുന്ന സമാശ്വാസം ചില്ലറയല്ല.
വിവരങ്ങൾ പങ്കുവച്ചത്
ഡോ.അമാനുല്ല വടക്കാങ്ങര
Mallory karunya pravarthanamaan pccq committee cheythad. Valareyadhagam Nanniyum kadappadum Tekhapeduthunnu.