ദൂരപരിധി കുറച്ചു; സ്വകാര്യ ബസുകൾക്കിനി 140 കിലോ മീറ്റർ മാത്രം യാത്ര

തിരുവനന്തപുരം// സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ദൂരപരിധിയില്ലാതെ കെ.എസ്.ആർ.ടി.സി. ബസുകളുടെ റൂട്ടിൽ ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. അഞ്ച് വർഷം മുമ്പ് നൽകിയ ആനുകൂല്യമാണ് ജൂലായ് ഒന്നുമുതൽ റദ്ദാക്കിയത്. തീരുമാനം കെ.എസ്.ആർ.ടി.സി.ക്കു നേട്ടമാകും. ഇതോടെ സംസ്ഥാനത്ത് നൈറ്റ് സർവ്വീസ് നടത്തുന്ന ഇൻ്റർ ജില്ല ബസുകൾക്ക് സർവീസ് നടത്താനാകില്ല.

ദീർഘദൂര നൈറ്റ് സർവ്വീസ് നിലച്ചു

നിലവിൽ കണ്ണൂർ ജില്ലയിൽ നിന്നും പാലാ, കോട്ടയം, തൊടുപുഴ മേഖലയിലേയ്ക്ക് രാത്രി സർവ്വീസ് നടത്തിയിരുന്നു. 31 ദേശസാത്‌കൃത പാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടിവരും. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർഫാസ്റ്റുകൾക്കൊപ്പം ഇവ ഓർഡിനറി ബസുകളായി മത്സരിച്ച് ഓടുകയാണ്. കോടതിവിധിയുടെ ആനുകൂല്യത്തിൽ അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ ഓടാനുള്ള അനുമതിയും ഇവർ നേടിയെടുത്തിരുന്നു. 500 കിലോമീറ്റർവരെ സ്വകാര്യ ഓർഡിനറി ബസുകൾ ഓടിയിരുന്നു.

2015-ൽ സർക്കാർ ഇറക്കിയ ഉത്തരവാണ് ഇതിന് സഹായകമായത്. ഈ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്. മോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾക്ക് ഒരു ട്രിപ്പിൽ പരമാവധി 140 കിലോമീറ്ററാണ് ഓടാൻ അനുമതിയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യബസുകൾക്ക് നൽകിയ ആനുകൂല്യം പിൻവലിച്ചത്.

സംസ്ഥാനത്ത് ദീർഘദൂര ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി.ക്കു മാത്രമാണ് അനുമതിയുള്ളത്. ഫ്‌ളീറ്റ് ഓണർ വ്യവസ്ഥകൾ പാലിക്കാനുള്ള സജ്ജീകരണങ്ങൾ കോർപ്പറേഷനു മാത്രമാണ് സ്വന്തമായുള്ളത്. ബസ് സ്റ്റേഷനുകൾ, വിശ്രമമുറികൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ദീർഘദൂര ബസ് ഓപ്പറേറ്റർമാർ ഒരുക്കേണ്ടതുണ്ട്. ഇതൊന്നും ഇല്ലാതിരുന്നിട്ടും 241 സ്വകാര്യബസുകൾ ഓർഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ് എന്നപേരിൽ ദീർഘദൂര ബസുകളായി ഓടുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പ് ഇവയുടെ പെർമിറ്റ് പുതുക്കുന്നത് തടയും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു