താടിയെല്ല് പൊട്ടി; നാക്ക് പിളർന്നു, കുട്ടി കൊമ്പന് ദാരുണ അന്ത്യം

മണ്ണാര്‍ക്കാട് // അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് വനവാസി കോളനിക്ക് സമീപം അവശനിലയില്‍ കാണപ്പെട്ട കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ആന ചെരിഞ്ഞത്. ആനയുടെ വായയിലെ മുറിവ് കാരണം തീറ്റയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വയനാട്ടില്‍ നിന്നും വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സീനിയര്‍ ഓഫീസര്‍ അരുണ്‍ സക്കറിയ ഇന്നലെ ഉച്ചയോടെ തന്നെ ആനയുടെ പോസ്റ്റോമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
ആനയുടെ നാക്ക് കീറിപ്പോയ അവസ്ഥയായിരുന്നു. വായയില്‍ പുഴുവരിച്ചിരുന്നു.  സ്ഫോടനത്തിലാണോ പരിക്കേറ്റതെന്ന കാര്യവും തള്ളിക്കളയാനായിട്ടില്ല.ആയതുകൊണ്ടുതന്നെ സാമ്പിളുകള്‍ രാസപരിശോധനക്ക് അയച്ചു.

ആനയുടെ താടിയെല്ല് ഭാഗത്തും, നാവിലും മുറിവേറ്റിരുന്നു,  കഠിനമായ ന്യുമോണിയ ബാധിച്ചിട്ടുണ്ട്, വയറ്റില്‍ ട്യൂമര്‍ ഉണ്ടായിരുന്നു, ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയവയാണ് ആനയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
താടിയെല്ലിനും നാവിനും ഏറ്റ പരിക്കുകള്‍ കുഴിയില്‍ വീണതോ, മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതോ ആകാമെന്നും സംശയിക്കുന്നുണ്ട്.

സ്ഫോടക വസ്തു കടിച്ചത് മൂലമുണ്ടായതാണോ എന്ന്  വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ സ്ഫോടകവസ്തു കടിച്ചു സംഭവിക്കുന്ന പരിക്ക് ആനയുടെ താടിയെല്ല് തകര്‍ക്കുമായിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് അഞ്ച് വയസ്സ് പ്രായമുള്ള കുട്ടി കൊമ്പനെ നാട്ടുകാര്‍ കണ്ടത് . ഉടനെ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.  അഗളിയിലെ വെറ്ററിനറി ഡോ .നവീന്‍ ആനയെ പരിശോധിക്കുകയും ചെയ്തു. മയക്കുവെടി വെച്ചാല്‍ മാത്രമെ തുടര്‍ പരിശോധന നടത്താന്‍ കഴിയൂ എന്നറിയിച്ചിരുന്നു, അതിനുള്ള തയ്യാറെടുപ്പിനിടെയാണ് ആന ചെരിഞ്ഞതെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെ.കെ.സുനില്‍കുമാര്‍ പറഞ്ഞു. അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉദയന്‍ , ഫോറസ്റ്റ് ഓഫീസര്‍ അഭിലാഷ്, ഷൊളയൂര്‍ ഡപ്പ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ്ഓഫീസര്‍ സതീഷ് അടങ്ങുന്ന സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു.
മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു