ചെങ്ങോടുമല : ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുത് : പാരിസ്ഥിതി പ്രവർത്തകർ

കോഴിക്കോട് // ജില്ലയിലെ കോട്ടൂർ, മൂലാട്, കായണ്ണ, നൊച്ചാട്, അവിടനല്ലൂർ തുടങ്ങിയ ഗ്രാമങ്ങളുടെ പാരിസ്ഥിതികമായ നിലനിൽപ്പിനും അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനും കൃഷിക്കും അടിസ്ഥാനമായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിനു സംസ്ഥാന സർക്കർ അനുമതി നൽകരുതെന്ന് കലാ -സാംസ്കാരിക- പാരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഖനന വാർത്ത അങ്ങേയറ്റം ദു:ഖവും ഞെട്ടലുണ്ടാകുന്നതുമാണ്. തുടർച്ചയായ പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും വരൾച്ചയുടേയും ദുരന്താനുഭവങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിപരിപാലനത്തിന്റെയും ആവശ്യകതയും പാഠങ്ങളുമാണ് എല്ലാ കേരളീയരേയും പഠിപ്പിച്ചതും ഓർമപ്പെടുത്തിയതും. ഇങ്ങനെ ഭീതിദമായ ഒരു ഭൂതകാലം പിന്നിൽ നിൽക്കുമ്പോളും ചെങ്ങോടുമലയെ പോലെ അപൂർവ്വയിനം സസ്യങ്ങളാലും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളാലും, പ്രകൃതി അനുഗ്രഹിച്ച ഒരു മല സ്വകാര്യ വ്യക്തികളുടെ ധനലാഭത്തിനു വേണ്ടി തകർത്തില്ലാതാക്കുക എന്നത് എല്ലാ അർത്ഥത്തിലും പ്രതിഷേധാർഹമാണ്.

ഈ മല ഇല്ലാതായാൽ അതോടൊപ്പം നശിക്കുന്നത് ഇവിടുത്തെ പ്രകൃതി മാത്രമായിരിക്കില്ല ഈ മലയെ ആശ്രയിച്ച് ജീവിക്കുന്ന കരിമ്പാല വിഭാഗം പോലുള്ള ആദിവാസി ഗോത്രങ്ങളും അതിന് ചുറ്റും കാർഷിക വൃത്തി ചെയ്ത് ജീവിക്കുന്ന മറ്റ് മനുഷ്യരുമായിരിക്കും. പാരിസ്ഥിതികാനുമതി നൽകുന്ന കാര്യം, നേരത്തെ പഠിച്ച ശാസ്ത്രീയ സമിതികളെല്ലാം ഇവിടെ ഖനനം പാടില്ല എന്ന നിഗമനത്തിലെത്തിയതും അതുകൊണ്ടാണ്.

ഇത്തരം പഠനങ്ങളെല്ലാം മറികടന്നുകൊണ്ടാണ് ഇപ്പോൾ അനുമതി നൽകാൻ പോകുന്നത് എന്ന കാര്യം ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൃഷിയുടേയും പ്രകൃതിസംരക്ഷണത്തിന്റെയും അനിവാര്യത തിരിച്ചറിഞ്ഞ ഒരു സർക്കാർ സംസ്ഥാനം ഭരിക്കുമ്പോൾ വിരോധാഭാസമായി തോന്നുന്നു. അതുകൊണ്ട് ചെങ്ങോടുമല പാറ ഖനനത്തിന് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും വരും തലമുറക്ക് വേണ്ടി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സാംസ്ക്കാരിക പ്രവർത്തകരായ എം. ജി. എസ്. നാരായണൻ,
സച്ചിദാനന്ദൻ, കെ. ജി. ശങ്കരപ്പിള്ള, ടി. ഡി. രാമകൃഷ്ണൻ, യു. കെ. കുമാരൻ, അംബികാസുതൻ മങ്ങാട് ,ടി. പി. രാജീവൻ, വി. ആർ. സുധീഷ് ,ഒ. പി. സുരേഷ് , വീരാൻ കുട്ടി, എസ്. ജോസഫ്, പി. കെ. പാറക്കടവ് എന്നിവർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു