കോഴിക്കോട് തെരുവു ഉറക്കക്കാർക്ക് ഉദയം ഹോം, ഉദ്ഘാടനം വെള്ളിയാഴ്ച

കോഴിക്കോട്// തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ആരംഭിക്കുന്ന ഉദയം ഹോം ജൂലൈ 10 ന് പ്രവര്‍ത്തനക്ഷമമാകും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിക്കുന്നത്.

വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു സ്ഥിരം സംവിധാനമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ ഉദയം ഹോം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉച്ചക്ക് 12.30ന് ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എ.പ്രദീപ്കുമാര്‍, എം.കെ.മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലിസ് കമിഷണര്‍ എ.വി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദയം ഹോമില്‍ 180 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ 163 പേരാണ് ഹോമില്‍ താമസിക്കാനെത്തുന്നത്. മുറികളില്‍ കട്ടില്‍, ബെഡ് തുടങ്ങിയവ മികച്ച രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം സ്വയം തയ്യാറാക്കാനുള്ള സൗകര്യവുമുണ്ട്. വിനോദപരിപാടികള്‍ ആസ്വദിക്കാനുള്ള സംവിധാനവുമുണ്ടാകും. ഹോമില്‍ താമസിക്കുന്നവര്‍ക്ക് ജോലികള്‍ക്ക് പോകുന്നതിനും തടസമില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു