കൊണ്ടോട്ടി ഹജ്ജ് ഹൗസ് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി

മലപ്പുറം // ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്.

320 കിടക്കള്‍  രോഗികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍   ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ഒരുക്കിയത്. മഞ്ചേരി കോവിഡ് ആശുപത്രിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
15  ഡോക്ടര്‍മാര്‍, 30 സ്റ്റാഫ് നേഴ്‌സ്,  30 ക്ലീനിങ്ങ് സ്റ്റാഫുകള്‍ തുടങ്ങിയവരുടെ സേവനം ഇവിടെ ലഭ്യമാകും. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനം ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. അവശ്യമായ ആംബുലന്‍സ് സൗകര്യങ്ങളും  ഇവിടെ ഉറപ്പുവരുത്തിയിട്ടുണ്ട്.

ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവിടെ 150 കിടക്കകള്‍ കൂടി ഒരുക്കി 500 പേര്‍ക്ക് ചികിത്സാ സൗകര്യമൊരുക്കാന്‍ സാധിക്കും. രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും  ഡി.എം.ഒ പറഞ്ഞു.

ചെറിയ രോഗ ലക്ഷണമുള്ള എല്ലാവരെയും  ആശുപത്രിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍   സെന്റര്‍ സഹായകമാകും. നാളെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ടീം പരിശോധന നടത്തി, ആവശ്യമായ കാര്യങ്ങള്‍ ഒരുക്കി മറ്റന്നാള്‍ മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു