കെഎസ്ആർടിസി ദീർഘദൂര ജില്ല സർവീസുകൾ ഉടനില്ല

കോവിഡ് വ്യാപന സാഹചര്യം
മുന്നിൽ കണ്ട് തീരുമാനം

കോഴിക്കോട്// കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ ഉടനുണ്ടാകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതൽ കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് 19 വ്യാപന സാഹചര്യം പ്രതികൂലമായതാണ് കാരണം.

സമ്പർക്കരോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 498 ആയി. ഇവ രണ്ടും ബസ് സർവീസുകൾ നടത്തുന്നതിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. സമ്പർക്കരോഗബാധിതർ വർധിക്കുന്നതിനനുസരിച്ച് ആളുകൾ യാത്ര ചെയ്യാതെ വീട്ടിലിരിക്കുകയാണു വേണ്ടത്. അതിനു പകരം കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്നത് സമ്പർക്ക രോഗബാധ ചെറുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഹോട്ട് സ്പോട്ടുകൾ ഏതെങ്കിലും ഭാഗം മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. ജില്ലകളുടെ പല ഭാഗങ്ങളിലാണ് കണ്ടു വരുന്നത്. ആ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലാ ആസ്ഥാനങ്ങൾ പരിശോധിച്ചാൽ ഏതാണ്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളും കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബസ്സുകൾ ഓടിക്കുമ്പോൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിർത്താനോ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നടത്തുന്നതിൽ പ്രയോജനമില്ല. ഈ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന സമിതിയുടെ പരിഗണനക്ക് വിടുകയും അവർ ആലോചിച്ച് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ കെ എസ് ആർ ടി സി യുടെ ദീർഘദൂര സർവ്വീസുകൾ നടത്താത്തതാണ് നല്ലതെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു