കുട്ട-ഗോണിക്കുപ്പ ബദല്‍പ്പാത ദേശിയപാതയാക്കരുത്; ആക്ഷന്‍ കമ്മറ്റി 

reporting : justin (Kutta – Gonikuppa road)


ബത്തേരി //ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമെന്ന നിലയില്‍ കുട്ട-ഗോണിക്കുപ്പ ബദല്‍പ്പാതദേശീയപാതയാക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പിന്തിരിയണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.   രാത്രിയാത്രാ നിരോധനത്തിന് പരിഹാരമായി ദേശീയപാത 766 കുട്ട-ഗോണിക്കുപ്പ ബദല്‍പ്പാത വഴി തിരിച്ചുവിടാന്‍ ഒരു ഉപജാപകസംഘം സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി നിരവധി ശ്രമങ്ങള്‍ മുമ്പ് നടത്തിയതിനെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചതാണ്. 

കണ്ണൂര്‍ സ്വകാര്യ വിമാനത്താവളത്തില്‍നിന്ന് മൈസൂറിലേക്കുള്ള ദേശീയപാത രാത്രിയാത്രാ നിരോധനത്തിന്‍റെ മറവില്‍ സാധിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തിവരുന്നത്.  രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് കുട്ട-ഗോണിക്കുപ്പ ബദല്‍പാതക്കു വേണ്ടി അനുകൂല നിലപാടെടുപ്പിച്ചും, കുട്ട-ഗോണിക്കുപ്പ പാത നിര്‍ദ്ദേശിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യിച്ചും നിരവധി പിന്‍വാതില്‍ നീക്കങ്ങള്‍ ഈ സംഘം നടത്തുകയുണ്ടായി.  സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ ഉപജാപകസംഘം കരുക്കള്‍ നീക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്‍റെ ഒരു അനുമതിയും ലഭിക്കാത്ത തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി എല്ലാ അനുമതികളും ലഭിച്ചിരുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചതും ഡി.എം.ആര്‍.സിയേയും ഡോ:ഇ.ശ്രീധരനേയും കേരള സര്‍ക്കാരിന്‍റെ എല്ലാ പ്രോജക്ടുകളില്‍നിന്നും പുറത്താക്കിയതും ഇതേ ഉപജാപക സംഘമാണ്.  കുട്ട-ഗോണിക്കുപ്പ വഴിയുള്ള കണ്ണൂര്‍-മൈസൂര്‍ ദേശീയപാതക്കായുള്ള ശ്രമങ്ങള്‍ വിജയിക്കില്ല എന്ന് കണ്ടാണ് ഇതേ ലോബി ഇപ്പോള്‍ മൈസൂര്‍-മലപ്പുറം ദേശീയപാതയുമായി രംഗത്തിറങ്ങിയിട്ടുള്ളത്.  മലപ്പുറത്തു നിന്ന് മൈസൂറിലേക്കുള്ള ഏറ്റവും എളുപ്പവഴി നിലവിലുള്ള ദേശീയപാത 766 തന്നെയാണ്.  നിലവിലെ ദേശീയപാത 766 നു പകരമായി മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലങ്ങളിലെ ഉള്‍പ്രദേശങ്ങളിലൂടെ വളഞ്ഞുതിരിഞ്ഞു മലപ്പുറത്തേക്ക് പോകുന്ന ദേശീയപാത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്. 

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കേണ്ടത് നിലവിലെ ദേശീയപാതയില്‍ മേല്‍പ്പാലങ്ങളും ജൈവപാലങ്ങളും നിര്‍മ്മിച്ചും, അതിന് കേന്ദ്ര സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും അനുമതി നല്‍കുന്നില്ലെങ്കില്‍ നാറ്റ്പാക്ക് വിദഗ്ദപഠനം നടത്തി ശുപാര്‍ശ ചെയ്ത വനപ്രദേശം ഏറ്റവും കുറഞ്ഞ വള്ളുവാടി-ചിക്കബര്‍ഗി ബൈപ്പാസ് നിര്‍മ്മിച്ചുമാണ്. 

വയനാട് വന്യജീവി സങ്കേതത്തിന്‍റെയും നാഗര്‍ഹോള കടുവാ സങ്കേതത്തിന്‍റെയും അതീവ പരിസ്ഥിതി ലോല പ്രദേശത്തുകൂടി കടന്നുപോകുന്ന കുട്ട-ഗോണിക്കുപ്പ ബദല്‍പാതക്കുവേണ്ടി കേരള സര്‍ക്കാറില്‍ അവിഹിത സ്വാധീനം ചെലുത്തി ഉപജാപകസംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ വയനാട്ടിലെ ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് നിലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്,അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സംഷാദ്, ഡോ:തോമസ് മാത്യു, ജേക്കബ് ബത്തേരി, മോഹന്‍ നവരംഗ്, നാസര്‍ കാസിം എന്നിവര്‍ പ്രസംഗിച്ചു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു