സംസ്ഥാനത്ത് ഹ്രസ്വദൂര മെമു സർവ്വീസ് തുടങ്ങണം

കോഴിക്കോട്// ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാനത്ത് മെമു ട്രെയിൻ സർവ്വീസ് ആരംഭിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിനും, അനുമതി നൽകാൻ സംസ്ഥാന സർക്കാരിനോടും ഇമെയിൽ വഴി നിവേദനം സമർപ്പിച്ചു.

കേരളത്തിൽ പൊതുഗതാഗതം തുറന്നു കൊടുത്തിട്ടും അത്യാവശ്യ യാത്രകൾ ചിലവേറിയതും ക്ലേശകരവുമാണ്. ദിനംപ്രതി ഇന്ധനവില വർദ്ധനവ് റോഡ് ഗതാഗതത്തെ പ്രതികൂലമാക്കി. ബസ്, കാർ, ഓട്ടോ, ഇരുചക്രവാഹനങ്ങളിൽ ദിവസേന ജോലിക്ക് വരേണ്ട യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ താരതമ്യേന സുരക്ഷിതവും ചിലവുകുറഞ്ഞതും സമയ ലാഭകരവുമായ ചെറു ദൂര മെമു – പാസഞ്ചർ ട്രെയിനുകൾ തിരുവനന്തപുരം – എറണാകുളം – കോഴിക്കോട് – കണ്ണൂർ- കാസർകോഡ് റൂട്ടിൽ ആരംഭിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ചെയർമാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരിയുമായ ഡോക്ടർ എ വി അനൂപ്, വർക്കിങ് ചെയർമാൻ, കൗൺസിൽ പ്രസിഡണ്ടുമായ ഷെവലിയാർ സി. ഇ ചാക്കുണ്ണി, ജനറൽ കൺവീനർ എം പി അൻവർ എന്നിവർ ആവശ്യപ്പെടുന്നത്.

കൂടുതൽ പ്രവാസികളും മറുനാടൻ മലയാളികളും കേരളത്തിലെത്തുന്നതിനാലും കോവിഡ് പോസിറ്റീവ് രോഗികൾ പെരുകുന്ന തിന്നാലും റെയിൽവേ കൊറന്റൈൻ / ഐസലേഷൻ കോച്ചുകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ അടുത്ത റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യപ്പെടുത്തണമെന്ന് കേരള മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, റെയിൽവേ ചുമതലയുള്ള മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി, നോർക്ക സി.ഇ.ഒ എന്നിവർക്ക് നിവേദനം നൽകി.
ചീഫ് സെക്രട്ടറി, നോർക്ക സിഇഒ ആവശ്യപ്പെട്ടാൽ ഹ്രസ്വദൂര തീവണ്ടികൾ ആരംഭിക്കാം എന്നും ക്വാറന്റൈൻ കോച്ചുകൾ അനുവദിക്കാമെന്നും നേരത്തെ അറിയിച്ച സാഹചര്യത്തിലാണ് ഫെഡറേഷൻ്റെ ഇടപെടൽ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു