കോഴിക്കോട്// പ്രവാസി മലയാളികളെ സുഗമമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കിയില്ലെങ്കില്‍ മരണം വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് കെ.മുരളീധരന് എം.പി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജില്ലാ യുഡിഎഫ് കമ്മറ്റി കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസികളോട് മര്‍ക്കട മുഷ്ടി കാട്ടുന്നത് അവസാനിപ്പിക്കണം. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പാടുള്ളൂ എന്നാണ് മുഖ്യമന്ത്രിയുടെ നിബന്ധന. മലയാളിക്ക് സ്വന്തം നാട്ടിലേക്കു വരുന്നതിനാണ് ഇത്തരത്തിലുള്ള തിട്ടൂരം. ഗള്‍ഫ് നാടുകളില്‍ കോവിഡ് ടെസ്റ്റ് നടത്തുക എന്നത് ഏറെ ശ്രമകരമാണ്. പലര്‍ക്കും അപ്രാപ്യവും. ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നത്. . വൈദ്യുതി ബില്‍ കൊള്ളക്കെതിരെ നടന്ന ലൈറ്റ് ഓഫ് കേരള സമരം ജനങ്ങള്‍ ഏറ്റെടുത്തു. പ്രതിഷേധം ആളിക്കത്തി. ഇതുപോലെ പ്രവാസികളുടെ കാര്യത്തിലും അനാവശ്യവാശി ഒഴിവാക്കി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും മുരളീധരന് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.
സി. മോയിന്‍ കുട്ടി, എം.എ. റാസാഖ്, അഡ്വ. ടി. സിദ്ധിഖ്, എന്‍.സുബ്രഹ്മണ്യന്, കെ. പ്രവീണ്‍ കുമാര്‍, അഡ്വ.പി.എം. നിയാസ്. അഡ്വ.പി.എം. സുരേഷ് ബാബു കെ.സി.അബു. അഡ്വ.എം. വിരാന്‍ കുട്ടി, അഷറഫ് മണക്കടവ്, നരേന്ദ്രനാഥ്, ഷറിന് ബാബു, പി. മമ്മദ് കോയ, മനോളി ഹാഷിം, ഷാജര്‍ അറാഫത്ത് എന്നിവര്‍ പങ്കെടുത്തു.