താനൂര്‍ // നിയമസഭാ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുഖഛായ മാറുന്നു. രണ്ട് കോടി രൂപ ചെലവില്‍ ഒന്‍പത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്ക് ആധുനിക കെട്ടിട സൗകര്യമൊരുക്കാന്‍ നടപടി തുടങ്ങി. രായിരിമംഗലം, പരിയാപുരം, അഞ്ചുടി കടപ്പുറം, മുക്കോല താനാളൂര്‍ പഞ്ചായത്തിലെ പകര, മൂലക്കല്, ഒഴൂര്‍ പഞ്ചായത്തിലെ മണലിപ്പുഴ, എരനെല്ലൂര്‍, നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് വി.അബ്ദുറഹ്മാന് എം എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ച് പുതുക്കി പണിയുന്നത്.
കെട്ടിട നിര്‍മ്മാണ ചുമതലയുള്ള സിഡ്ക്കോ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കി എസ്റ്റിമേറ്റ് നടപടികള്‍ തുടങ്ങി. ഒരു മാസത്തിനുള്ളില്‍ ഒന്‍പതിടങ്ങളിലും നിര്‍മ്മാണം തുടങ്ങാനാണ് തീരുമാനം. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വി.അബ്ദുറഹ്മാന് എംഎല്‍എ പറഞ്ഞു. നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ ഒന്‍പത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആറു മാസത്തിനകം പുതുമോടിയിലാക്കാനാണ് തീരുമാനമെന്നും എംഎല്‍എ അറിയിച്ചു. ആധുനിക സൗകര്യങ്ങളുള്ള ആകര്‍ഷണീയമായ കെട്ടിടങ്ങളാണ് യാഥാര്‍ത്ഥ്യമാകുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഇത് ഏറെ സഹായകമാകും. ഇതിന് പുറമെ ചെറിയമുണ്ടത്തെ മൃഗാശുപത്രി കെട്ടിടവും പുതുക്കി പണിയും. ഇതിനും ആസ്തി വികസന ഫണ്ടില്‍ നിന്നും എം എല്‍ എ പ്രത്യേകം തുക അനുവദിച്ചിട്ടുണ്ട്.