കോഴിക്കോട്// ഡീസല്‍ വില വര്‍ധനക്കെതിരെ 23ന് നടക്കുന്ന പ്രക്ഷോഭത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുഴുവന്‍ ബസുടമകളെയും പങ്കെടുപ്പിക്കാന്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബസ് സ്റ്റാന്റുകളിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലും അന്നേ ദിവസം ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് പ്രതിഷേധ സമരം നടത്തും. ഡീസല്‍ വില രണ്ടാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്.
മേയ് ആറിന് ലിറ്റര്‍ ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. അതിനു മുന്‍പ് മാര്‍ച്ച് 14ന് 3 രൂപ വീതവും നികുതി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ലിറ്റര്‍ ഡീസലിന് 31 രൂപ 83 പൈസയും പെട്രോളിന് 32 രൂപ 98 പൈസയുമാണ് നികുതി ഈടാക്കുന്നത്. വിലവര്‍ധന പിന്‍വലിച്ച് പൊതുഗതാഗതം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബസുടമകള്‍ രംഗത്തെത്തിയത്.