ഇളവിലും പാലക്കാട് നഗരം ഉണർന്നില്ല

report by : prasad
പാലക്കാട്// ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് നാടും നഗരവും സാധാരണനിലയിലേക്ക്  മാറി കൊണ്ടിരിക്കുമ്പോഴും ബസ് സ്റ്റാന്റുകളിലെ കടകളെല്ലാം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലാണിപ്പോഴും. പൊതു ഗതാഗതം തുടങ്ങിയിട്ടും സ്വകാര്യബസുകളൊന്നും ഓട്ടം തുടങ്ങാത്തതാണ് ബസ് സ്റ്റാന്റുകളിലെ കടകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

ബസ് സ്റ്റാന്റുകളെ ആശ്രയിച്ച് ആയിരകണക്കിനാളുകളാണ് ജില്ലയില്‍ ഉപജീവനം നടത്തുന്നത്. നഗരത്തില്‍ കെ എസ് ആര്‍ ടി സിയടക്കം നാലു ബസ് സ്റ്റാന്റുകളുണ്ടെങ്കിലും നഷ്ടം സഹിച്ചും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നത് കാരണം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ മാത്രമാണ് അല്‍പം തിരക്കുള്ളത്. ടൗണ്‍, സ്റ്റേഡിയം, മുനിസിപ്പല്‍ സ്വകാര്യ ബസ് സ്റ്റാന്റുകളില്‍ ഏതാനും ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുണ്ട്.
തിരക്കേറിയ ബസ് സ്റ്റാന്റുകളെല്ലാം വിജനമായി കിടക്കുകയാണ്. ആളുകളൊന്നും വരാത്തത് കാരണം സ്റ്റാന്റുകളിലെ ഭൂരിഭാഗം കടകളും അടഞ്ഞ് കിടക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കടകള്‍തുറക്കാമെന്നിരിക്കെ കച്ചവടമില്ലെങ്കിലും കടയുടമകള്‍ക്ക് നഗരസഭക്ക് വാടക കൊടുക്കണമെന്നാണ് പറയുന്നത്. സ്റ്റാന്റിനകത്തെ മരുന്ന് കടകളും ബുക്ക് കടകളും മൊബൈല്‍ കടകളും മാത്രം തുറന്നിട്ടുള്ളത്. ബസുകളും ജനങ്ങളും വരാത്തത് കാരണം കച്ചവടവും നടക്കുന്നില്ല.

പല കച്ചവടക്കാര്‍ക്കും വൈദ്യുതി ബില്‍, വാടക, മറ്റു ചെലവുകള്‍ക്ക് പോലും പണം ലഭിക്കാന്‍ നെട്ടോട്ടം ഓടുമ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിന് പാട് പെടുകയാണ്. പലരും സ്റ്റാന്റിലെ കച്ചവടം നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് പുറമെ പുസ്തകം, ലോട്ടറി, കളിസാമഗ്രികളും മറ്റും ബസുകളിലും സ്റ്റാന്റില്‍ നടന്നു വില്‍ക്കുന്നവരും നിരവധിയുണ്ട്. ഇവരും ഇപ്പോള്‍ ദുരിതത്തിലാണ്. ബസ്റ്റാന്റുകളില്‍ ഉപജീവനം നടത്തുന്നവര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ക്ഷേമനിധിയോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത സ്ഥിതിയാണ്. ഇത്തരം കച്ചവടക്കാരില്‍ വയോധികരും ശാരീരിക വൈകല്യമുള്ളവരുമുള്ളതിനാല്‍ മിക്കവരുടെയും ജീവിതം വഴിമുട്ടിയ നിലയിലാണ്. കച്ചവടമൊന്നും നടക്കാത്ത സഹാചര്യത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു