ശീര്‍ഷകം വായിച്ചപ്പോള്‍ത്തന്നെ അറിയാം സ്ത്രീകള്ക്കുപരി പുരുഷകേസരികളും ഇതുവായിക്കുമെന്ന്. കുഴപ്പമില്ല, സത്രീകള്‍ കൂടുതല്‍ കൈകാര്യംചെയ്യുന്ന മേഖലയായതിനാലാണ് ഇത്തരത്തിലുള്ള ഒരു തലവാചകം ഉണ്ടായത്. ലോക്ക് ഡൗണ്‍കാലത്ത് സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും അടുക്കളകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. നല്ലകാര്യം. ഇക്കഴിഞ്ഞ നാല്പ്പത്തിനാല് ദിവസം പിന്നിട്ടപ്പോള്‍ അറിയാം യഥാര്‍ത്ഥ ജോലിയുടെ ഭാരങ്ങള്‍.. ഏതായാലും എഴുതി വെറുപ്പിക്കുന്നില്ല.
ലോക്ക് ഡൗണ്‍ കാലത്തിൻ്റെ പ്രത്യേകത വളരെ വലുതാണ്. നമ്മള് ജീവിതത്തില്‍ കൊണ്ടുനടന്ന ആഘോഷങ്ങളും മറ്റു പലതും ഇനി കുറച്ചുകാലത്തേയ്ക്ക് അന്യമാണ്. പക്ഷെ അതിനേക്കാളേറെ നമ്മുടെ വീടുകള്‍ക്കുള്ളില്‍ ഒട്ടേറെ സര്‍ഗാത്മകതയും ചെപ്പടിവിദ്യയും കണ്ടെത്തിയ കാലം കൂടിയാണ്. ഇതെല്ലാം പുറത്തുകൊണ്ടുവന്നത് സോഷ്യല്‍ മീഡിയയും. അത്തരത്തിലുള്ളതില്‍ നമുക്ക് ഏറെ ഗുണകരമായ, ആരോഗ്യത്തിന് ഹാനികരവുമാവാത്ത, അതിലേറെ സാമ്പത്തിക നഷ്ടമില്ലാത്ത ഒരു ചെപ്പടിവിദ്യയാണ് ഇവിടെ കുറിക്കുന്നത്. ശ്രദ്ധിച്ച് വായിച്ചാല്‍ നമ്മുടെ പോക്കറ്റിലുള്ള പണം വെറുതെ കളയേണ്ടന്ന് ബോധ്യമാകും. അനുഭവങ്ങളിലൂടെയും നഷ്ടപ്പെടലിലൂടെയുമാണ് മനുഷ്യന് പുതിയ മേഖലകള്‍ കണ്ടെത്തുക എന്ന് പഴമക്കാര്‍ പറയുന്നതാണ്.

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തുടനീളം ഇത്തരം പുതിയ വിദ്യകള്‍ അമ്മമാരും, അച്ഛന്മാരും കുട്ടികളും മുതിര്‍ന്നവരും പുറത്തെത്തിച്ചിട്ടുണ്ട്. അതിനേക്കാള്‍ ഏറെ നമുക്ക് മുമ്പെ ലോകം കണ്ടവര്‍ പഴയകാലത്തെ ചെപ്പടിവിദ്യയും പുറത്തെടുത്തിട്ടുണ്ട്. ഇത്തരം ഒരു ഗുണകരമാണെന്ന് തോന്നിയ ഒരു വാട്സാപ്പ് സന്ദേശത്തില്‍ നിന്നെടുത്ത് അവതരിപ്പിക്കുന്നതാണ്. ആളും പേരും അറിയില്ല. പക്ഷെ നമ്മുടെ അയല്‍ സംസ്ഥാനത്തെ ഒരു മങ്കയാണ് വാട്സാപ്പിൽ പോസ്റ്റ് ചെയ്തത്. നമുക്കു അത് പാഠമാക്കാം…പേരറിയാത്ത ആ സോദരിക്ക് അഭിവാദ്യം അര്‍പ്പിക്കാം. സ്വകാര്യതയുള്ളതിനാല് വിഡിയോ അപ്പ്ലോഡ് ചെയ്യുന്നില്ല.
സ്നേഹം ഹൃദയത്തിലാണ് നമ്മള് എല്ലാവരും ഒളിപ്പിച്ചുവെച്ചത്. സ്നേഹിക്കുന്നവരോടും അത് തന്നെയാണ് നമ്മള് പറയാറും. അത് ഇനി തിരുത്താന്‍ പോകണ്ട. പക്ഷേ ആ ഹൃദയത്തെ മരിക്കുവേളം കാത്തുസൂക്ഷിക്കണം.. അതിനുള്ള പോംവഴി എല്ലാവരും പഠിച്ചുവച്ചിട്ടുണ്ട്. എണ്ണപ്പലഹാരങ്ങള്‍, എണ്ണയില്‍ പൊരിച്ചത് എന്നിവ കഴിക്കരുതെന്ന്… കുറച്ചൊക്കെ സത്യമാകാം. പക്ഷെ ഇതൊന്നും കഴിക്കാതിരിക്കാനും തോന്നില്ല. അപ്പോള്‍ പിന്നെ എണ്ണയില്‍ കാച്ചിയെടുക്കാതെ എങ്ങിനെ പപ്പടമാകും….. കടല എങ്ങിനെ റോസ്റ്റ് ചെയ്യും…….ന്യൂജെന്‍ ചായക്കടിയായ ഫ്രിംമ്സ് എങ്ങിനെ വറുത്തെടുക്കും അതിനുള്ള ചെപ്പടിവിദ്യയാണ് ആ തമിഴ് സോദരി വാട്സാപ്പ് വഴി പങ്കുവച്ചത്.
ചെയ്യേണ്ടത് ഇത്രയേയുള്ളു…..
ആദ്യം പപ്പടത്തെ കുറിച്ചാക്കാം. ഒരു നോണ്‍ സ്റ്റിക്കി പാന്‍ എടുത്ത് വാതക സ്റ്റൗസിലൊ മറ്റ് ഏതെങ്കിലും ഹീറ്ററിനുമുകളിലോ അതെല്ലെങ്കില്‍ പാചകത്തിനുപയോഗിക്കുന്ന ഏതെങ്കിലും ഒരു സ്റ്റൗ മുകളില്‍ വച്ച് സ്റ്റൗ കത്തിക്കുക. തുടര്‍ന്ന് വീട്ടില്‍ പാചകത്തിനു ഉപയോഗിക്കുന്ന പൊടി ഉപ്പ് 500 ഗ്രാം. ഏത് ബ്രാന്‍ഡാണെങ്കിലും കുഴപ്പമില്ല, പൊടിയായിരിക്കണം. ഇത് മുഴുവനായും പാനില്‍ കവര്‍പൊട്ടിച്ച് ഇടുക. നല്ലവണ്ണം ഇളക്കി ചൂടായാല്‍, തവികൊണ്ടോ, ചട്ടുകം കൊണ്ടോ പാനിലെ ഉപ്പ് നടുഭാഗം അല്‍പ്പം മാറ്റി നമ്മള് കരുതിയ പപ്പടം ഓരോന്ന് വയ്ക്കുക. ശേഷം ഉപ്പ്കൊണ്ട് മൂടുക. പേടിക്കണ്ട പപ്പടം പൊള്ളിവരുന്ന കാഴ്ച നമ്മളെ അത്ഭുതപ്പെടുത്തും. അടിപൊളി രുചിയാണ്. നല്ലമൊരിച്ചിലും.

ഇതിനൊക്കെ ഈ പറഞ്ഞ സമയം മാത്രം മതിയാകും. ശേഷം ഉപ്പ് ചൂടാറിയാല്‍ ഭരണിയിലൊ മറ്റോ സൂക്ഷിക്കുക. ഉപ്പിന് ഒന്നും സംഭവിക്കില്ല. ഇതുപോലെ അഞ്ചുമിനിട്ടുകൊണ്ട് നിലക്കടല, മണിക്കടല, കശുവണ്ടിപ്പരുപ്പ്, ബദാം, ഫ്രിംമ്സ് കൂടാതെ അത്തരത്തില്‍

വറുത്തെടുക്കേണ്ട ഇന്‍സ്റ്റന്‍ഡ് ഫുഡ് എന്തും പാകപ്പെടുത്തിയെടുക്കാം. വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ വില ഇരുനൂറിലെറെയാണ്. ഉപ്പിന് 15 രൂപയും. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇങ്ങിനെയും ചെലവുകുറക്കാം. ഇത്തരത്തില്‍ എന്തങ്കിലും ചെപ്പടിവിദ്യകളുണ്ടെങ്കില് അയച്ചുതരിക. വാട്സാപ്പ് നമ്പര്‍ ഇതാണ്….. +91 9207 188 005.