സ്കൂൾ പഠനം ഇനി 100 ദിവസം; ഷിഫ്റ്റ് സമ്പ്രദായം വീണ്ടും വന്നേക്കും

ന്യൂഡെൽഹി// കൊവിഡ് വ്യാപനത്തിന്റെ സാഹയചര്യത്തിൽ സ്കൂൾ അധ്യയന ദിനങ്ങൾ 100 ദിവസമായി വെട്ടിചുരുക്കാൻ ആലോചന. ഓരോ അക്കാദമിക് വർഷത്തിലും 1320 മണിക്കൂർ സ്കൂളുകളിൽ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരും.
600 മണിക്കൂർ സ്കൂളിലും 600 മണിക്കൂർ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുതിയ സാഹചര്യത്തിൽ ഉദ്ദേശിക്കുന്നതായി അറിയുന്നു. ഓരോ പീരിയഡിന്റെയും ദൈർഘ്യം 45 മിനുട്ടിൽ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കും.

ഓരോ വർഷവും 120 മണിക്കൂർ അഥവാ 20 അധ്യയന ദിവസങ്ങൾ സ്കൂളുകളിലോ, വീട്ടിലോ വച്ച് ഡോക്ടർമാരോ, മനഃശാസ്ത്ര വിദഗ്ധരോ കുട്ടികളെ കൗൺസിൽ ചെയ്യണം എന്ന നിർദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. കുട്ടികളുടെ മാനസിക ഉന്മേഷം നിലനിറുത്താൻ ഈ കൗൺസിലിംഗ് ഗുണം ചെയ്യും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ മാർഗ്ഗ രേഖ ഉടൻ പ്രസിദ്ധീകരിക്കും.

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് പഴയ കലഘട്ടം പോലെ ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരുന്നതായും സൂചനയുണ്ട്. ഒരു ക്ളാസിൽ പരമാവധി 15 മുതൽ 20 വരെ കുട്ടികളെ പാടുള്ളു. അതിൽ കൂടുതൽ കുട്ടികൾ ഒരു ക്ളാസിൽ ഉണ്ടെങ്കിൽ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളിൽ ക്ളാസ്. ക്ലാസുകൾ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏർപ്പെടുത്തണം. ക്ളാസ്സുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാവു. മൂന്ന് പേര് ഇരിക്കുന്ന ബെഞ്ച് ആണെങ്കിൽ രണ്ട് പേരെ ഇരിക്കാവു എന്നാണ് സർക്കാർ തയ്യാർ ആക്കുന്ന മാർഗ്ഗ രേഖയിലെ നിർദേശങ്ങളിൽ ഒന്ന്.

30 മുതൽ 50 ശതമാനത്തിൽ അധികം വിദ്യാർത്ഥികൾ ഒരു സമയം സ്കൂളുകളിൽ ഉണ്ടാകരുത് എന്നാണ് എൻ സി ഇ ആർ ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. എട്ട് മുതൽ പന്ത്രണ്ടാം ക്ളാസ്സുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം ആദ്യ ഘട്ടത്തിൽ ക്ളാസ് ആരംഭിച്ചാൽ മതിയെന്ന് ആയിരുന്നു എൻ സി ഇ ആർ ടിയുടെ നിർദേശം. എന്നാൽ ഈ നിർദേശത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയ അധികൃതർ സൂചിപ്പിക്കുന്നു.

ആദ്യ ഘട്ടത്തിൽ ഉയർന്ന ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ക്ളാസ്സുകൾ കാണുകയുള്ളു എങ്കിലും വൈകാതെ ഒന്ന് മുതൽ ഉള്ള ക്ളാസ്സുകൾ ആരംഭിക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ളാസ്സുകൾ ആഴ്ചയിൽ രണ്ട് ദിവസം ആയി പരിമിതപ്പെടുത്തും. ആറ് മുതൽ എട്ടാം ക്ളാസ്സുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ട് മുതൽ നാല് ദിവസം വരെയും 9 മുതൽ 12 ആം ക്ളാസ് വരെ ഉള്ളവർക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ളാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു